കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോവയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി അത്‌ലറ്റിക്കോ കൊല്‍ക്കത്ത വീണ്ടും പോയന്റ് പട്ടികിയില്‍ ഗോവയ്ക്കൊപ്പമെത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ പ്രീതം കോട്ടാല്‍(47), ജയേഷ് റാണെ(88) എന്നിവരാണ് കൊല്‍ക്കത്തയുടെ ഗോളുകള്‍ നേടിയത്.

വിജയത്തോടെ 24 പോയന്റുമായി കൊല്‍ക്കത്ത ഗോവയ്ക്കൊപ്പം പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനോടേറ്റ തോല്‍വി മായ്ക്കുന്നത് കൂടിയായി കൊല്‍ക്കത്തയുടെ വിജയം.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊല്‍ക്കത്ത ഗോള്‍ നേടിയതോടെ ഗോവ ആക്രമണം കനപ്പിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. സമനില ഗോളിനായി ഗോവ കിണഞ്ഞു ശ്രമിക്കുന്നതിനിടെ പ്രത്യാക്രമണത്തില്‍ നിന്ന് ഗോവയുടെ വഴിയടച്ച് 88-ാം മിനിറ്റില്‍ കൊല്‍ക്കത്ത രണ്ടാം ഗോളും നേടി.