ബംഗലൂരു: പതിമൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ നാളെ പുനരാരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തിൽ നിലവിലെ ചാന്പ്യൻമാരായ ബെംഗളൂരു എഫ് സിയെ നേരിടും. രാത്രി ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. ബി എഫ് സിക്കെതിരെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.

നാല് കളിയിൽ ആറ് പോയിന്‍റുള്ള ബെംഗംളൂരു അഞ്ചും, നാല് പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഏഴും സ്ഥാനത്താണ്. ഇരുടീമിനും ഇതുവരെ ഓരോ കളിയിലേ ജയിക്കാനായിട്ടുള്ളൂ. ബ്ലാസ്റ്റേഴ്സ് രണ്ട് കളിയിൽ തോറ്റപ്പോൾ ബെംഗളൂരു ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.

മുൻനിര താരങ്ങളുടെ പരുക്കാണ് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നത്. ബി എഫ് സിയും ബ്ലാസ്റ്റേഴ്സും ഇതിന് മുൻപ് നാല് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മൂന്നിലും ബെംഗളൂരു ജയിച്ചു. ഒരു കളി സമനിലയിൽ അവസാനിച്ചു.