തുടര്‍ച്ചയായ നാലാം മത്സരത്തില്‍ ജയം കൈവിട്ട് പോയന്‍റ് പട്ടികയില്‍ ആദ്യ അഞ്ചില്‍ പോലും എത്താനാവാതെ വന്നതോടെയാണ് ടൂര്‍ണമെന്‍റിനിടക്കുതന്നെ എടികെ പരിശീലകനെ പുറത്താക്കിയത്.
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍(ISL 2020-2021) തുടര്‍ തോല്‍വികളെത്തുടര്‍ന്ന് പരിശീലകന്‍ അന്‍റോണിയോ ലോപസ് ഹബാസിനെ(Antonio Lopez Habas) പുറത്താക്കി എടികെ മോഹന്‍ ബഗാന്‍(ATK Mohun Bagan). ഐഎസ്എല്ലില്‍ എടികെക്ക് രണ്ട് തവണ കിരീടം നേടിക്കൊടുത്ത പരിശീലകനാണ് ഹബാസ്. ഈ നേട്ടം കൈവരിക്കുന്ന ഐഎസ്എല്ലിലെ ആദ്യ പരിശീലകനും ഹബാസ് ആണ്.
തുടര്‍ച്ചയായ നാലാം മത്സരത്തില്‍ ജയം കൈവിട്ട് പോയന്‍റ് പട്ടികയില്‍ ആദ്യ അഞ്ചില്‍ പോലും എത്താനാവാതെ വന്നതോടെയാണ് ടൂര്‍ണമെന്‍റിനിടക്കുതന്നെ എടികെ പരിശീലകനെ പുറത്താക്കിയത്. കഴിഞ്ഞ മത്സരത്തില്‍ മോശം ഫോമിലുള്ള ബെംഗലൂരു എഫ്‌സിക്കെതിരെ എടികെ 3-3 സമനില വഴങ്ങിയതിന് പിന്നാലെയാണ് നടപടി. പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നതുവരെ ഹബാസിന് കീഴില്‍ സഹപരിശീലകനായ മാന്യുവല്‍ കാസ്കല്ലാന ടീമിന്‍റെ ഇടക്കാല പരിശീലകനാവുമെന്ന് എടികെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
താരനിബിഡമാണെങ്കിലും ഇത്തവണ എടികെക്ക് മുന്നേറ്റത്തിലും പ്രതിരോധത്തിലും പിഴച്ചതാണ് പല മത്സരങ്ങളിലും തോല്‍വിയിലേക്ക് നയിച്ചത്. പ്രതിരോധനിരയിലെ കരുത്തായിരുന്ന സന്ദേശ് ജിങ്കാന്‍ ക്രൊയേഷ്യന്‍ ലീഗില്‍ സൈബനിക്കിനായി കളിക്കാന്‍ പോയതോടെ എടികെ പ്രതിരോധം ദുര്‍ബലമായി.
സ്പാനിഷ് പ്രതിരോധനിര താരം ടിരിയുടെ പരിക്കും എടികെയുടെ പ്രതിരോധത്തെ ബാധിച്ചു. ഇതോടെ ആറ് മത്സരങ്ങളില്‍ 13 ഗോളുകളാണ് എടികെ ഈ സീസണില്‍ വഴങ്ങിയത്. സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ 4-2ന് തകര്‍ത്ത് തുടങ്ങിയെങ്കിലും പിന്നീട് ഈ മികവ് നിലനിര്‍ത്താന്‍ ബഗാനായില്ല. ആറ് കളികളില്‍ രണ്ട് ജയവും ഒരു സമനിലയും അടക്കം എട്ട് പോയന്‍റുള്ള എടികെ നിലവില്‍ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
2014 ലെ ആദ്യ ഐഎസ്എല്‍ സീസണില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയായിരുന്ന എടികെ മോഹന്‍ ബഗാനെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് ഹബാസ് സൂപ്പര്‍ പരിശീലകനായത്. കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ വീഴ്ത്തിയായിരുന്നു അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ആദ്യ ഐഎസ്എല്‍ കിരീടം നേടിയത്. അടുത്ത സീസണില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ആദ്യ നാലില്‍ എത്തിക്കാനും ഹബാസിനായി.
പിന്നീട് ക്ലബ്ബ് വിട്ട ഹബാസ് 2019ലാണ് വീണ്ടും പരിശീലകനായി തിരിച്ചെത്തിയത്. ആ സീസണില്‍ എടികെക്ക് കിരീടം സമ്മാനിച്ച ഹബാസ് ഐഎസ്എല്ലില്‍ രണ്ട് കിരീടം നേടുന്ന ആദ്യ പരിശീലകനെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
