മഡ്‌ഗാവ്: ഐഎസ്എല്ലിൽ ഒഡീഷ എഫ്‌സിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച് ഹൈദരാബാദ് എഫ്‌സി. പെനാല്‍റ്റിയില്‍ നിന്ന് അരിഡാനെയാണ് വിജയഗോള്‍ നേടിയത്. ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി. ഒഡീഷ അവസാന സ്ഥാനത്താണ്.  

പുത്തന്‍ താരങ്ങളുമായി പുതിയ സീസണിന് ഇറങ്ങിയ ഇരു ടീമും ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനെ അണിനിരത്തി. സ്റ്റുവർട്ട് ബാക്സ്റ്ററിന്‍റെ ഒഡീഷ എഫ്‌സി 4-2-3-1 ശൈലിയിലും മാനുവൽ മാർക്വേസ് റോക്കയുടെ ഹൈദരാബാദ് 4-4-2 ഫേര്‍മേഷനിലുമാണ് മൈതാനത്തെത്തിയത്. ബ്രസീലിയന്‍ താരങ്ങളായ മാര്‍സലീഞ്ഞോയും ഡീഗോ മൗറീസിയോ ചേരുന്നതായിരുന്നു ഒഡീഷയുടെ ആക്രമണനിര. അരിഡാനെയടക്കമുള്ള സ്‌പാനിഷ് കരുത്താണ് ഹൈദരാബാദ് അണിനിരത്തിയത്. 

മുപ്പത്തിനാലാം മിനുറ്റിലെ പെനാല്‍റ്റിയാണ് മത്സരത്തിന്‍റെ ഗതി തീരുമാനിച്ചത്. നസ്രാരിയുടെ ഷോട്ട് ഒഡീഷ നായകന്‍ സ്റ്റീവന്‍ ടെയ്‌ലര്‍ കൈകൊണ്ട് തട്ടിയതിനായിരുന്നു ഹൈദരാബാദിന് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത അരിഡാനെ ഗോളി അര്‍ഷ്‌ദീപിനെ കബളിപ്പിച്ച് വലയിലാക്കി. ആദ്യപകുതി ഹൈദരാബാദിന് 1-0ന്‍റെ ലീഡുമായി പിരിഞ്ഞപ്പോള്‍ രണ്ടാംപകുതിയില്‍ മറുപടി നല്‍കാന്‍ ഒഡീഷ മറന്നു. മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചതും ലക്ഷ്യത്തിലേക്ക് കൂടുതല്‍ നിറയൊഴിച്ചതും ഹൈദരാബാദാണ്.