മഡ്‌ഗാവ്: എടികെ മോഹൻ ബഗാൻ ശക്തരായ എതിരാളികളാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികൂന. നിലവിലെ ചാമ്പ്യൻമാരെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് സജ്ജരാണെന്നും കിബു വികൂന പറഞ്ഞു. ഐഎസ്എല്‍ ഏഴാം സീസണിന് കിക്കോഫാകാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് വികൂനയുടെ പ്രതികരണം. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനെ ഐ ലീഗ് ചാമ്പ്യൻമാരാക്കിയ പരിശീലകനാണ് കിബൂ വികൂന. 

അതേസമയം പരിശീലനത്തിന് സമയം കുറവായതിനാൽ ശരിയായ ടീം കോംപിനേഷൻ കണ്ടെത്താൻ സമയമെടുക്കുമെന്ന് ബ്ലാസറ്റേഴ്‌സ് നായകൻ കോസ്റ്റ നൊമെയ്നേസു പറഞ്ഞു. വെല്ലിവിളികൾ നേരിടാൻ ടീം തയ്യാറാണെന്നും കോസ്റ്റ ഗോവയിൽ മാധ്യമപ്രവർത്തകരോട് കൂട്ടിച്ചേര്‍ത്തു.

ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എടികെ മോഹൻ ബഗാനെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. എല്ലാ പൊസിഷനിലേക്കും മികച്ച താരങ്ങളെ എത്തിച്ച ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത് സിംബാബ്‍വേ ഡിഫൻഡർ കോസ്റ്റ നമൊയ്നേസുവാണ്. ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പ‍ർ, ജോർദാൻ മുറേ, ബകാരി കോനേ, ഫകുണ്ടോ പെരേര, വിസന്റെ ഗോൺസാലസ്, സഹൽ അബ്ദുൽ സമദ്, കെ പി രാഹുൽ, നിഷു കുമാർ, ജെസ്സെൽ കാർണെയ്‍റോ തുടങ്ങി മികച്ച താരങ്ങളുടെ നിരയുണ്ട് ഇത്തവണ മഞ്ഞപ്പടയ്‌ക്ക്.  

എന്നാല്‍ ബ്ലാസ്റ്റേഴ്സിന്റെ മുഖമായിരുന്ന സന്ദേശ് ജിംഗാനെ പ്രതിരോധത്തിന്റെ ചുമതലയേൽപ്പിച്ചാണ് ഇത്തവണ എടികെ മോഹൻ ബഗാന്റെ പടയൊരുക്കം.

'സൂപ്പര്‍ ഹൂപ്പര്‍' ആക്രമണം നയിക്കും; മുന്നില്‍ കുതിക്കാന്‍ കരുത്തുണ്ടോ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയ്‌ക്ക്