Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: മൂന്നടിയില്‍ ഈസ്റ്റ് ബംഗാളിന്‍റെ കഥ കഴിച്ച് മുംബൈ സിറ്റി

 രണ്ട് തവണ ഈസ്റ്റ് ബംഗാള്‍ വലയില്‍ പന്തെത്തിച്ച ആദം ലെ ഫോന്ദ്രെയും ഒരുതവണ ലക്ഷ്യം കണ്ട ഹെന്‍നാന്‍ സന്താനയുമാണ് മുംബൈയുടെ അനായാസ വിജയം പൂര്‍ത്തിയാക്കിയത്.

ISL 2020-21 LIVE, Mumbai City FC vs SC East Bengal Live Score Mumbai beat East bengal 3-0
Author
Goa, First Published Dec 1, 2020, 9:28 PM IST

പനജി: ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളിനെതിരെ വമ്പന്‍ ജയവുമായി മുംബൈ സിറ്റി എഫ്‌സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഈസ്റ്റ് ബംഗാളിനെ മുംബൈ മുക്കിക്കളഞ്ഞത്. ആദ്യ പകുതിയില്‍ മുംബൈ ഒരു ഗോളിന് മുന്നിലായിരുന്നു. രണ്ട് തവണ ഈസ്റ്റ് ബംഗാള്‍ വലയില്‍ പന്തെത്തിച്ച ആദം ലെ ഫോന്ദ്രെയും ഒരുതവണ ലക്ഷ്യം കണ്ട ഹെന്‍നന്‍ സന്‍റാനയുമാണ് മുംബൈയുടെ അനായാസ വിജയം പൂര്‍ത്തിയാക്കിയത്.

ജയത്തോടെ മുംബൈ പോയന്‍റ് പട്ടികയില്‍ ഗോള്‍ ശരാശരിയില്‍ എടികെ മോഹന്‍ ബഗാനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഈസ്റ്റ് ബംഗാള്‍ പതിനൊന്നാം സ്ഥാനത്ത് തുടരുന്നു.

തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത മുംബൈ ഈസ്റ്റ് ബംഗാളിനെ സമ്മര്‍ദ്ദത്തിലാക്കി. തുടര്‍ച്ചയായി ആക്രമിച്ച മുംബൈ 20 ാം മിനിറ്റില്‍ ഗോളിലേക്കുള്ള വഴി തുറന്നു. പ്രത്യാക്രമണത്തിലൂടെയാണ് മുംബൈയുടെ ആദ്യ ഗോള്‍ പിറന്നത്. ഹ്യൂഗോ അഡ്നൻ ബൗമോസിന്‍റെ പാസില്‍ നിന്ന് ആദം ലെ ഫോന്ദ്രെ ആണ് മുംബൈയെ ആദ്യം മുന്നിലെത്തിച്ചത്. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതിരുന്നതിന് ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാറിന് നന്ദി പറയണം. ഗോളെന്നുറന്ന മൂന്ന് ഷോട്ടുകളാണ് മജൂംദാര്‍ തട്ടിയകറ്റിയത്.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി പിരിഞ്ഞ മുംബൈ രണ്ടാം പകുതിയുടെ തുടക്കത്തിലെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബൗമോസിനെ ദേബ്ജിത്ത് പെനല്‍റ്റി ബോക്സില്‍ ഫൗള്‍ ചെയ്തയിന് ലഭിച്ച പെനല്‍റ്റി അനായാസം ലകഷ്യത്തിലെത്തിച്ച് ആദം ലെ ഫോന്ദ്രെ മുംബൈയുടെ ലീഡ് ഉയര്‍ത്തി. പത്ത് മിനിറ്റിനകം ഈസ്റ്റ് ബംഗാളിന്‍റെ വിധിയെഴുതി ബൗമോസിന്‍റെ പാസില്‍ നിന്ന് സന്‍റാന ലക്ഷ്യം കണ്ടതോടെ ഈസ്റ്റ് ബംഗാളിന്‍റെ തോല്‍വി പൂര്‍ണമായി.

ആദ്യപകുതിയില്‍ രണ്ട് തവണ മാത്രമാണ് ഈസ്റ്റ് ബംഗാളിന് ലക്ഷ്യത്തിലേക്ക് തൊടുക്കാനായത്. കളിയുടെ തുടക്കത്തിലെ നായകന്‍ ഡാനി ഫോക്സ് പരിക്കേറ്റ് മടങ്ങിയത് ഈസ്റ്റ് ബംഗാളിന് തിരിച്ചടിയായി. ഫോക്സ് പോയതോടെ മുംബൈയുടെ വേഗത്തിനും കരുത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഈസ്റ്റ് ബംഗാള്‍ പ്രതിരോധം പകച്ചു. ഇത് മുതലെടുത്താണ് മുംബൈയുടെ ഗോളുകള്‍ പിറന്നത്.

കളിയുടെ 54 ശതമാനം പന്തടക്കം മുംബൈയുടെ കാലുകളിലായിരുന്നു. ഈസ്റ്റ് ബംഗാള്‍ മൂന്ന് തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചെങ്കിലും ഗോളൊഴിഞ്ഞു നിന്നു. അതേസമയം, അഞ്ച് തവണ ലക്ഷ്യത്തിലേക്ക് പന്തടിച്ച മുംബൈക്ക് മൂന്ന് ഗോള്‍ നേടാനായി.  അഞ്ച് കോര്‍ണര്‍ കിക്കുകള്‍ നേടാനായെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ ഈസ്റ്റ് ബംഗാളിനായില്ല.

കൊൽക്കത്ത ഡെര്‍ബിയിൽ എടികെ മോഹന്‍ ബഗാനോട് തോറ്റ ഈസ്റ്റ് ബംഗാളിന്‍റെ ലീഗിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ നോര്‍ത്ത് ഈസ്റ്റിനെനെതിരെ തോറ്റ മുംബൈ, ഗോവയെയും ഈസ്റ്റ് ബംഗാളിനെയും തോല്‍പ്പിച്ചാണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

Follow Us:
Download App:
  • android
  • ios