ദില്ലി: കേരളാ ബ്ലാസ്റ്റേഴ്‍സ് പരിശീലകൻ ഈൽകോ ഷാറ്റോരിയും എടികെയുടെ ഹെഡ് കോച്ച് അന്‍റോണിയോ ഹബാസിനും ഓൾ ഇന്ത്യാ ഫുട്‍ബോൾ ഫെഡറേഷന്‍റെ വിലക്ക്. ഇരുടീമുകളും തമ്മിലുള്ള മത്സരത്തിനിടെ മോശമായി പെരുമാറിയതിനാണ് വിലക്ക്. രണ്ട് മത്സരങ്ങളിൽ നിന്നാണ് ഇരുപരിശീലകർക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം എടികെയുടെ ഗോൾ കീപ്പിംഗ് കോച്ച് ഏയ്ഞ്ചൽ പിൻഡാഡോയും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

ജനുവരി 12-ന് എടികെയും കേരളാ ബ്ലാസ്റ്റേഴ്‍സും തമ്മിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ അമ്പത്തിയെട്ടാം മത്സരത്തിൽ മൂവരും പെരുമാറിയത് തീർത്തും അച്ചടക്കരഹിതമായാണെന്നാണ് ഫുട്ബോൾ ഫെഡറേഷന്‍റെ അച്ചടക്കസമിതി കണ്ടെത്തിയത്. 

പിഴയായി എടികെ പരിശീലകരായ ഹബാസും പിൻഡാഡോയും ഒന്നും രണ്ടും ലക്ഷം രൂപയും പിഴയായി ഒടുക്കണം. കഴിഞ്ഞ കളിയിൽ ഇരുവരും സസ്പെൻഡ് ചെയ്യപ്പെട്ടിരുന്നതിനാൽ, ജനുവരി 27-ന് നടക്കുന്ന നോർത്ത് ഈസ്റ്റ് യൂണൈറ്റഡ് എഫ്‍സി വേഴ്സസ് എടികെ കളിയിൽ ഇരുവരും ടെക്നിക്കൽ ഏരിയയുടെ പുറത്ത് തന്നെ ഇരിക്കണം.

കേരളാ ബ്ലാസ്റ്റേഴ്‍സ് പരിശീലകൻ ഈൽകോ ഷാറ്റോരിയും രണ്ട് കളികളിൽ പുറത്തിരിക്കേണ്ടി വരും. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം.