Asianet News MalayalamAsianet News Malayalam

ആശ്വാസജയവുമില്ല; ബ്ലാസ്റ്റേഴ്സിന് സമനില മാത്രം

പന്തടക്കത്തിലും പാസുകളിലും ആധിപത്യം പുലര്‍ത്തിയിട്ടും ഗോളടിക്കാന്‍ മാത്രം ബ്ലാസ്റ്റേഴ്സിനായില്ല. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്.

ISL 2020 Kerala Blasters and North East United share points
Author
Guwahati, First Published Feb 7, 2020, 9:46 PM IST

ഗുവാഹത്തി: ഐഎസ്എല്ലിൽ ആശ്വാസജയം തേടിയിറിങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് എവേ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡനിനെതിരെ ഗോളില്ലാ സമനില മാത്രം. പന്തടക്കത്തിലും പാസുകളിലും ആധിപത്യം പുലര്‍ത്തിയിട്ടും ഗോളടിക്കാന്‍ മാത്രം ബ്ലാസ്റ്റേഴ്സിനായില്ല. നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്. സമനിലയോടെ 16 കളികളില്‍ നിന്ന് 15 പോയന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്ത് തന്നെ തുടരുന്നു. 14 മത്സരങ്ങളില്‍ 12 പോയന്റുള്ള നോര്‍ത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സിന് പിന്നില്‍ ഒമ്പതാം സ്ഥാനത്താണ്. 15ന് ബംഗളൂരു എഫ്‌സിയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയിലാണ് കളി.

കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റനിരയെ ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെ നയിച്ചു. തൊട്ടുപിന്നില്‍ സഹല്‍ അബ്ദുള്‍ സമദ്. മധ്യനിരയില്‍ മുഹമ്മദ് നിങ്, സെയ്ത്യാസെന്‍ സിങ്, ഹാളീചരണ്‍ നര്‍സാറി, സെര്‍ജിയോ സിഡോഞ്ച എന്നിവര്‍. വഌട്‌കോ ഡ്രോബറോവ്, ജിയാന്നി സുയ്‌വെര്‍ലൂണ്‍, ലാല്‍റുവാത്താറ, ജെസെല്‍ കര്‍ണെയ്‌റോ എന്നിവര്‍ പ്രതിരോധത്തില്‍. ടി.പി രെഹ്‌നേഷിന് പകരം ബിലാല്‍ ഖാന്‍ ഗോള്‍വലയ്ക്ക് മുന്നിലെത്തി.

നോര്‍ത്ത് ഈസ്റ്റിനായി ആന്‍ഡ്രൂ കിയോഗ്, സിമോണ്‍ ലുന്‍ഡെവാള്‍, നിന്തോയ് എന്നിവര്‍ ഇറങ്ങി. ഫെഡറികോ ഗല്ലെഗൊ, ലാലെങ്മാവിയ, മിലാന്‍ സിങ് എന്നിവര്‍ മധ്യനിരയില്‍.പ്രതിരോധത്തില്‍ ഹീറിങ് കായ്, മിസ്ലാവ് കൊമോസ്‌കി, രാകേഷ് പ്രധാന്‍, പ്രൊവാത് ലക്ര എന്നിവരായിരുന്നു. ഗോള്‍ വലയ്ക്ക് മുന്നില്‍ സുഭാശിഷ് റോയ്.

ISL 2020 Kerala Blasters and North East United share pointsബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളിന് അരികെയെത്തി. ഇടതുവശത്ത് ജെസെല്‍ കര്‍ണെയ്‌റോ കോര്‍ണര്‍ കിക്ക് നര്‍സാറിക്ക് കൈമാറി. നര്‍സാറിയില്‍നിന്ന് വീണ്ടും കര്‍ണെയ്‌റോയ്ക്ക്. ബോക്‌സിലേക്ക് ഷോട്ട് പായിച്ചു. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധക്കാരന്‍ ലക്ര അത് തട്ടിയകറ്റി. ബോക്‌സിന് അരികെ നില്‍ക്കുകയായിരുന്നു നര്‍സാറിക്കാണ് പന്ത് കിട്ടിയത്.

 നര്‍സാറിയുടെ കരുത്തുറ്റ അടി ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ പറന്നു. 29ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് മറ്റൊരു അവസരം കിട്ടി. സുയ്‌വെര്‍ലൂണിന്റെ ലോങ് ത്രോ ബോക്‌സിലേക്ക്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം തട്ടിയകറ്റി. പന്ത് നര്‍സാറിയുടെ കാലിലാണ് കിട്ടിയത്. സഹലിലേക്ക് തട്ടി. ബോക്‌സിന് തൊട്ടുമുന്നില്‍ സഹല്‍ ഇടംകാല്‍ കൊണ്ട് അടിപായിച്ചു. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തില്‍ തട്ടി തെറിക്കുകയായിരുന്നു.നോര്‍ത്ത് ഈസ്റ്റ് ഗല്ലെഗൊയിലൂടെ ആക്രമണത്തിന് ശ്രമിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ഉറച്ചുനിന്നു. ആദ്യപകുതി തീരുന്നതിന് മുമ്പ് നിങ്ങിന്റെ തകര്‍പ്പന്‍ ഹെഡര്‍ സുഭാശിഷ് ഉയര്‍ന്നുചാടി കൈയിലൊതുക്കി.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഗോള്‍ കീപ്പര്‍ ബിലാല്‍ ഖാന്റെ തകര്‍പ്പന്‍ സേവ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തു. നിഖില്‍ കദത്തിന്റെ ക്ലോസ് റേഞ്ചില്‍വച്ചുള്ള ഷോട്ട് ബിലാല്‍ തടഞ്ഞു. 53ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് ഗോള്‍ കീപ്പര്‍ സുഭാശിഷിനെ കാര്യമായി പരീക്ഷിച്ചു. മുഹമ്മദ് നിങ്ങിന്റെ ഗംഭീര ഷോട്ട് സുഭാശിഷ് തകര്‍പ്പന്‍ ചാട്ടത്തിലൂടെ തട്ടിയകറ്റുകയായിരുന്നു. ഒരിക്കല്‍ക്കൂടി സുഭാശിഷ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഉറച്ച ഗോള്‍ശ്രമത്തെ തടഞ്ഞു. 61ാം മിനിറ്റില്‍ ഇടതുവശത്ത്‌നിന്ന് നര്‍സാറി തൊടുത്ത ഉഗ്രന്‍ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി തട്ടിയകറ്റി. പന്ത് ബോക്‌സിന് പുറത്തുവച്ച് സിഡോഞ്ച പിടിച്ചെടുത്തു. പക്ഷേ, ബാറിന് മുകളിലൂടെയാണ് പന്ത് പറന്നത്.

 73ാം മിനിറ്റില്‍ സുവര്‍ണാവസരം പാഴായി. സുയ്‌വെര്‍ലൂണ്‍ നല്‍കിയ പന്തുമായി മുന്നേറിയ ഒഗ്‌ബെച്ചെയ്ക്ക് വലയിലേക്ക് പന്തെത്തിക്കാനായില്ല. നേരെ ഗോള്‍ കീപ്പര്‍ സുഭാശിഷിന്റെ കാലുകളില്‍ തട്ടി പന്ത് പുറത്തേക്ക് തെറിച്ചു. മറുവശത്ത് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. അവസാന നിമിഷങ്ങളില്‍ ഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 16 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം സമനിലയാണിത്. ഇനി രണ്ടു മത്സരങ്ങളാണ് ടീമിന് അവശേഷിക്കുന്നത്.

Follow Us:
Download App:
  • android
  • ios