ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍. പരസ്പരം ബഹുമാനിച്ച് കളിച്ച ഇരു ടീമുകളുടെയും ഗോള്‍ കീപ്പര്‍മാര്‍ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ഈ സീസണില്‍ ടീമിലെത്തിയ നിഷു കുമാറിനെ ബഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. കെ പ്രശാന്താണ് വലതു വിംഗ് ബാക്കായി കളിച്ചത്. 

നാലാം മിനിറ്റില്‍ തന്നെ ബഗാന് ലീഡെടുക്കാനുള്ള സുവര്‍ണാവസരം വന്നു. ഹെര്‍ണാണ്ടസിന്റെ കോര്‍ണര്‍ക്കില്‍ ഒന്നു കാലുവെക്കുകയേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ മാര്‍ക് ചെയ്യപ്പെടാതെ നിന്നിരുന്ന റോയ് കൃഷ്ണയ്ക്ക് ടൈമിംഗ് പിഴച്ചു. 11ാം മിനിറ്റില്‍ മൈക്കല്‍ സൂസൈരാജ് പരിക്കേറ്റ് പുറത്തായത് ബഗാന് തിരിച്ചടിയായി. 18ാം മിനിറ്റില്‍ കൃഷ്ണയുടെ  ഗോളെന്നുറച്ച ഷോട്ട് ബകാരി കോണേ മനോഹരമായി പ്രതിരോധിച്ചു. മത്സരത്തിലെ മനോഹര നിമിഷവും ഇതായിരുന്നു. 

37ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനും ലഭിച്ചു ഒരവസരം. നവോറമിന്റെ ക്രോസില്‍ ഹെഡ് ചെയ്യാന്‍ ഹൂപ്പര്‍ ഉയര്‍ന്ന് ചാടിയെങ്കിലും കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നില്‍ നില്‍ക്കുകയായിരുന്ന റ്വിതിക് ദാസിന് കാല്‍വെക്കുകയേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ യുവതാരത്തിന് പിഴച്ചു. ഇതിനിടെ കൃഷ്ണ ബോക്‌സിന് പുറത്ത് നിന്ന് പായിച്ച ഷോട്ട് ബാറിന് മുകളിലൂടെ പറന്നു.