ജയത്തോടെ തോല്‍വി അറിയാതെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിലെ അപരാജിത കുതിപ്പിനുശേഷം ഹൈദരാബാദിന് ആദ്യ തോല്‍വി സമ്മാനിക്കുകയും ചെയ്തു. 10 കളികളില്‍ 17 പോയന്‍റുമായാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്.

ബംബോലിം: ഐഎസ്എല്ലിnz(ISL 2021-2022)ആവേശപ്പോരാട്ടത്തില്‍ ഹൈദരാബാദ് എഫ് സിയെ(Hyderabad FC) എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ഐഎസ്‌എല്ലിന്‍റെ എട്ട് സീസണില്‍ ആദ്യമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. ആദ്യ പകുതിയുടെ 42-ാം മിനിറ്റില്‍ ആല്‍വാരോ വാസ്ക്വസ്(Alvaro Vazquez) നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്.

ജയത്തോടെ തോല്‍വി അറിയാതെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് എട്ട് മത്സരങ്ങളിലെ അപരാജിത കുതിപ്പിനുശേഷം ഹൈദരാബാദിന് ആദ്യ തോല്‍വി സമ്മാനിക്കുകയും ചെയ്തു. 10 കളികളില്‍ 17 പോയന്‍റുമായാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തെത്തിയത്. ഇത്രയും മത്സരങ്ങളില്‍ 17 പോയന്‍റുള്ള മുംബൈ സിറ്റി എഫ് സി ഗോള്‍ വ്യത്യാസത്തില്‍ ബ്ലാസ്റ്റേഴ്സിന് പിന്നില്‍ രണ്ടാമതാണ്. ഹൈദരാബാദ് 16 പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്.

Scroll to load tweet…

ആദ്യവസാനം ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമുകളും സുന്ദറ ഫുട്ബോളുമായി കളം നിറഞ്ഞു. പാസിംഗിലും പന്തടക്കത്തിലും ആക്രമണങ്ങളിലുമെല്ലാം ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോള്‍ വാസ്ക്വസിന്‍റെ ഒരേ ഒരു ഗോള്‍ മാത്രമായിരുന്ു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം. ഗോള്‍ പോസ്റ്റിന് കീഴില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ മിന്നും സേവുകളാണ് അവരെ വലിയൊരു തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.

കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും പാസിംഗിലും ബ്ലാസ്റ്റേഴ്സ് ആയിരുന്നു മുന്നില്‍. തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്സ് തുറന്നെടുത്തു. എന്നാല്‍ പതിഞ്ഞ തുടക്കത്തിനുശേഷം പതുക്കെ മത്സരത്തിലേക്ക് തിരിച്ചുവന്ന ഹൈദരാബാദ് ആക്രമണങ്ങള്‍കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സിന് മറുപടി നല്‍കി. പത്താം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സിന്‍റെ പോസ്റ്റില്‍ കേറാതെ പോയത് നേരിയ വ്യത്യാസത്തിനായിരുന്നു. എഡു ഗാര്‍ഷ്യ എടുത്ത ഫ്രീ കിക്ക് ക്രോസ് ബാറിനെ ഉരുമ്മി പുറത്തുപോയി. തൊട്ടുപിന്നാലെ ഒഗ്ബെച്ചെക്ക് അവസരം ലഭിച്ചെങ്കിലും പന്ത് നിയന്ത്രിക്കാന്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരത്തിനായില്ല.

Scroll to load tweet…

24-ാം മിനിറ്റില്‍ ഒഗ്ബെച്ചെയുടെ കാലില്‍ നിന്ന് റാഞ്ചിയ പന്തുമായി അഡ്രിയാന്‍ ലൂണ നടത്തിയ മുന്നേറ്റം ഗോളന്നുറപ്പിച്ചതായിരുന്നു. ലൂണ അളന്നുമുറിച്ചു നല്‍കിയ ക്രോസില്‍ ജോര്‍ജെ ഡയസ് തൊടുത്ത ഹെഡ്ഡര്‍ ലക്ഷിമകാന്ത് കട്ടിമണി അവിശ്വസനീയമായി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ വാസ്ക്വസിന്‍റെ മുന്നേറ്റവും ഹൈദരാബാദ് പ്രതിരോധത്തില്‍ തട്ടി നിഷ്ഫലമായി.

ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയിരിക്കെയാണ് ഹൈദരാബാദ് ബോക്സിന് അടുത്തു നിന്ന് ലഭിച്ച ത്രോ ബോളില്‍ നിന്ന് വാസ്ക്വസ് ഗോള്‍ കണ്ടെത്തിയത്. ബോക്സിലേക്ക് നീട്ടിയെറിഞ്ഞ ത്രോ ബോളില്‍ സഹല്‍ അബ്ദുള്‍ സമദ് തലകൊണ്ടൊരു തലോടല്‍, പന്ത് നേരെ ബോക്സിനുള്ളില്‍ ആരും തടയാനില്ലാതെ നിന്ന വാസ്ക്വസിന്‍റെ കാലുകളില്‍. കിട്ടിയ അഴസരം മുതലാക്കിയ വാസ്ക്വസ് മനോഹരമായൊരു വോളിയിലൂടെ കട്ടിമണിയെ കീഴടക്കി ഹൈദരാബാദ് വല ചലിപ്പിച്ചു.

ഒരു ഗോള്‍ വഴങ്ങിയതോടെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഹൈദരാബാദ് പോരാട്ടം കനപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ഗോളിന് അടുത്തെത്തിയെങ്കിലും ഒഗ്ബബെച്ചെക്ക് ഇത്തവണ വല ചലിപ്പിക്കാനായില്ല. രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഹൈദരാബാദ് കൈ മെയ് മറന്നു പൊരുതിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചു നിന്നു. എങ്ങനെയും സമനില ഗോളടിക്കാനുള്ള ഹൈദരാബാദിന്‍റെ ശ്രമം പലപ്പോഴും പരുക്കനായി. റഫറി കാര്‍ഡെടുത്ത് മടുക്കുന്നതാണ് രണ്ടാം പകുതിയില്‍ കണ്ടത്. അവസാന നിമിഷങ്ങളില്‍ കടുത്ത സമ്മര്‍ദ്ദം അതിജീവിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഫ്രീ കിക്ക് വഴങ്ങിയത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി. സെറ്റ് പീസില്‍ നിന്ന് ഹൈദരാബാദ് ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായത് ആശ്വാസമായി.