പത്ത് മത്സരങ്ങളിലെ അപാരാജിത റെക്കോര്‍ഡ് കൈവിട്ടെങ്കിലും 20 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം ജയത്തോടെ ബെംഗലുരൂ ഏഴാം സ്ഥാനത്തു നിന്ന് ആദ്യ നാലിലെത്തി.

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-2022) പരാജയമറിയാത്ത പത്തു മത്സരങ്ങള്‍ക്കുശേഷം കേരളാ ബ്ലാസ്റ്റേഴ്സിന്(Kerala Blasters) ആദ്യ തോല്‍വി. കൊവിഡ് ഇടവേളക്കുശേഷം ഇറങ്ങിയ നിര്‍ണായക പോരാട്ടത്തില്‍ ബെംഗലൂരു എഫ്‌സിയാണ്( Bengaluru FC) ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു ബെംഗലൂരുവിന്‍റെ വിജയഗോള്‍ പിറന്നത്. ഫ്രീ കിക്കില്‍ നിന്ന് റോഷന്‍ നവോറെം ആണ് ബെംഗലൂരുവിന് വിജയഗോള്‍ സമ്മാനിച്ചത്.

പത്ത് മത്സരങ്ങളിലെ അപാരാജിത റെക്കോര്‍ഡ് കൈവിട്ടെങ്കിലും 20 പോയന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്ത് തുടരുന്നു. അതേസമയം ജയത്തോടെ ബെംഗലുരൂ ഏഴാം സ്ഥാനത്തു നിന്ന് ആദ്യ നാലിലെത്തി.കോവിഡിന്‍റെ ക്ഷീണത്തില്‍ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിന് മേല്‍ ആദ്യ പകുതിയില്‍ ബെംഗലൂരുവിനായിരുന്നു ആധിപത്യം. ആദ്യ പകുതിയില്‍ ഡാനിഷ് ഫാറൂഖും പ്രിന്‍സ് ഇബ്രയും പലതവണ ഗോളിന് അടുത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

Scroll to load tweet…

എന്നാല്‍ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ബ്ലാസ്റ്റേഴ്സ് പ്രത്യാക്രമണങ്ങള്‍ മെനഞ്ഞതോടെ മത്സരം ആവശേകരമായി. അഡ്രിയാന്‍ ലൂണയിലൂടെ പലതവണ ബ്ലാസ്റ്റേഴ്സും ബെംഗലൂരു ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തിയെങ്കിലും അതൊന്നും ഗോളായി മാറിയില്ല. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ആദ്യ പകുതിയില്‍ ഗോളടിച്ച ബ്ലാസ്റ്റേഴ്സിന് ഇത്തവണ അതിന് കഴിഞ്ഞില്ല.ആദ്യ പകുതിയില്‍ ഏഴ് തവണ ഗോള്‍ മുഖത്തേക്ക് ഷോട്ടുതിര്‍ത്തെങ്കിലും രണ്ടെണ്ണം മാത്രമെ ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുള്ളു.

Scroll to load tweet…

രണ്ടാം പകുതിയുടെ തുടക്കത്തിലെ ബെംഗലൂരു ആക്രമണം കനപ്പിച്ചു. അതിന് അധികം വൈകാതെ ഫലവും ലഭിച്ചു.56-ാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്കില്‍ റോഷന്‍ നവോറെം തൊടുത്ത മഴവില്‍ ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരക്ക് മുകളിലൂടെ ഗോള്‍ കീപ്പര്‍ പ്രഭ്സുഖന്‍ ഗില്ലിനെയും കീഴടക്കി ബ്ലാസ്റ്റേഴ്സിന്‍റെ പോസ്റ്റില്‍ പറന്നിറങ്ങി. ആദ്യ ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സ് ഉണരുമെന്ന് തോന്നിച്ചെങ്കിലും ഗോളിലേക്കുള്ള വഴി തുറക്കാന്‍ മുന്നേറ്റനിരക്കായില്ല. ഗോളടിച്ചശേഷവും ആക്രമണം നിര്‍ത്താതിരുന്ന ബെംഗലൂരു ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വിറപ്പിച്ചു നിര്‍ത്തി. രണ്ടാം പകുതിയില്‍ ഗോളടിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഒരു ഗോള്‍ തോല്‍വിയുമായി ബ്ലാസ്റ്റേഴ്സ് ഗ്രൗണ്ട് വിട്ടു.

12കളിയിൽ 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് എഫ്‌സി 13 കളിയില്‍ 23 പോയിന്‍റുമായി ഒന്നും ജംഷഡ്‌പൂര്‍ എഫ്‌സി 12 കളിയില്‍ 22 പോയിന്‍റോടെ രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 14 കളികളില്‍ 20 പോയന്‍റുമായാണ് ബെംഗലൂരു നാലാം സ്ഥാനത്തെത്തിയത്. എടികെ മോഹന്‍ ബഗാന്‍ അഞ്ചാമതും മുംബൈ സിറ്റി ആറാമതുമാണ്.