Asianet News MalayalamAsianet News Malayalam

ISL 2021-2022: മൂന്നടിയില്‍ മുംബൈയുടെ വമ്പൊടിച്ച് ബെംഗലൂരു, ബ്ലാസ്റ്റേഴ്സ് തന്നെ നമ്പര്‍ വണ്‍

സമനിലയോ ജയമോ നേടിയാലും പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്ന തിരിച്ചറിവില്‍ ഗ്രൗണ്ടിലിറങ്ങിയ മുംബൈയെ ബെംഗലുരു അക്ഷരാര്‍ത്ഥത്തില്‍ മുക്കി കളഞ്ഞു.

ISL 2021-2022:  Bengaluru FC  clinch third win of the season with 3-0 win against Mumbai City FC
Author
Fatorda Stadium, First Published Jan 10, 2022, 9:37 PM IST

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-2022) നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ്‌സിയുടെ(Mumbai City FC) വമ്പൊടിച്ച് ബെംഗലൂരു എഫ്‌സി(Bengaluru FC,). മുംബൈയെ എതിരില്ലാത്ത മൂന്ന് ഗോളിന് വാരിക്കളഞ്ഞ ബെംഗലൂരു പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ അട്ടിമറിച്ചു. ബെംഗലൂരുവിന്‍റെ തകര്‍പ്പന്‍ ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജയത്തോടെ ബെംഗലൂരു ഒമ്പതാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് കയറി. ആദ്യ പകുതിയില്‍ പ്രിന്‍സ് ഇബ്രയുടെ ഇരട്ട ഗോളിന്‍റെയും ഡാനിഷ് ഫാറൂഖ് ഭട്ടിന്‍റെയും ഗോളുകളുടെ കരുത്തില്‍ 3-0ന് ബെംഗലൂരു മുന്നിലായിരുന്നു.

സമനിലയോ ജയമോ നേടിയാലും പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാമെന്ന തിരിച്ചറിവില്‍ ഗ്രൗണ്ടിലിറങ്ങിയ മുംബൈയെ ബെംഗലുരു അക്ഷരാര്‍ത്ഥത്തില്‍ മുക്കി കളഞ്ഞു. തുടക്കത്തില്‍ ആക്രമണങ്ങള്‍ നയിച്ചത് മുംബൈ ആയിരുന്നെങ്കിലും ഗോളടിച്ചത് ബെംഗലൂരു ആയിരുന്നു. എട്ടാം മിനിറ്റില്‍ മൗര്‍ത്താദാ ഫാളിന്‍റെ പാസില്‍ നിന്ന് ബോക്സിന് പുറത്തുനിന്നെടുത്ത ഷോട്ടില്‍ ഡാനിഷ് ഫാറൂഖ് ആണ് ബെംഗലൂരുവിന് ലീഡ് സമ്മാനിച്ചത്.

23-ാം മിനിറ്റില്‍ മുംബൈയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് പ്രിന്‍സ് ഇബ്ര ബെംഗലൂരുവിന്‍റെ രണ്ടാം ഗോളും നേടി. റോഷന്‍ നാവോറെമിന്‍റെ ക്രോസില്‍ നിന്നാണ് ഹെഡ‍്ഡറിലൂടെ ഇബ്ര ബെംഗലൂരുവിനെ രണ്ടടി മുന്നിലെത്തിച്ചത്. ഗോള്‍ മടക്കാനുള്ള മുംബൈ ശ്രമങ്ങള്‍ തുടരുമ്പോഴും ബെംഗലൂരു ആക്രമിച്ചുകൊണ്ടേയിരുന്നു. 43ാം മിനിറ്റില്‍ മുംബൈ ഗോള്‍ കീപ്പര്‍ ഫുര്‍ബ ലാച്ചെന്‍പായുടെ അവിശ്വസനീയ സേവ് അവരെ മൂന്നാം ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടുത്തി.

എന്നാല്‍ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല.  ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മുംബൈ വലയിലേക്ക് മൂന്നാം ഗോളും അടിച്ചുകയറ്റി പ്രിന്‍ ഇബ്ര ചാമ്പ്യന്‍മാരുടെ കഥ കഴിച്ചു. റോഷന്‍ നവോറമിന്‍റെ കോര്‍ണറില്‍ നിന്നായിരുന്നു ഇബ്രയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ മുംബൈ പരമാവധി ശ്രമിച്ചെങ്കിലും ബെംഗലൂരു പ്രതിരോധം കോട്ട കെട്ടിയതോടെ മുംബൈയുടെ പ്രതീക്ഷകള്‍ പൊലിഞ്ഞു. 67-ാം മിനിറ്റില്‍ അപ്യുയിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് മുംബൈക്ക് ആശ്വാസ ഗോളും നിഷേധിച്ചു.

Follow Us:
Download App:
  • android
  • ios