Asianet News MalayalamAsianet News Malayalam

Sandesh Jhingan: സെക്സിസ്റ്റ് പരാമര്‍ശം; ജിങ്കാനെ താക്കീത് ചെയ്ത് എഐഎഫ്എഫ്, അവര്‍ത്തിച്ചാല്‍ കടുത്ത നടപടി

കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ''ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം'' (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു വന്നിരിക്കുന്നു) എന്നാണ് ജിങ്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

ISL 2021-22: AIFF Warns Sandesh Jhingan For Sexist Remarks
Author
Delhi, First Published Mar 3, 2022, 6:54 PM IST

ദില്ലി: ഐഎസ്എല്ലില്‍(ISL 2021-22) കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ(Kerala Blasters) മത്സരശേഷം നടത്തിയ സെക്സിസ്റ്റ് പരാമര്‍ശത്തില്‍ എടികെ മോഹന്‍ ബഗാന്‍(ATK Mohan Bagan)  താരം സന്ദേശ് ജിങ്കാനെ(Sandesh Jhingan) താക്കീത് ചെയ്ത് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍(The All India Football Federation-എഐഎഫ്എഫ്-). ഫെഡറേഷന്‍ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിൽ ജിങ്കാൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് താക്കീത് ചെയ്യാൻ എഐഎഫ്എഫ് തീരുമാനിച്ചത്. ജിങ്കാൻ മാപ്പുചോദിച്ച സാഹചര്യത്തിൽ ഇത്തവണ കൂടുതൽ നടപടികൾ ഒഴിവാക്കുകയാണെന്ന് വ്യക്തമാക്കിയ ഫെഡറേഷൻ, ഭാവിയിൽ സമാനമായ പിഴവ് ആവർത്തിച്ചാൽ ശക്തമായ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.

കേരളാ ബ്ലാസ്റ്റേഴ്സിനെതിരായ മത്സരശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ''ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം'' (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു വന്നിരിക്കുന്നു) എന്നാണ് ജിങ്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിങ്കാന്‍റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്നടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.

മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലായിരുന്നു എ ടി കെ മോഹന്‍ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ സമനില നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിന്‍റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്‍റും ഉറപ്പിച്ച ഘട്ടത്തിലാണ് ഇഞ്ചുറി ടൈമിലെ അവസാന സെക്കന്‍ഡുകളില്‍ മിന്നുന്ന ഗോളുമായി ജോണി കോകോ മോഹന്‍ ബഗാന് സമനില നല്‍കിയത്.

പ്രതിഷേധം കനത്തപ്പോള്‍ മാപ്പു പറഞ്ഞ് തടിയൂരാന്‍ ശ്രമിച്ച് ജിങ്കാന്‍

വിവാദ പരാമര്‍ശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് നായകന്‍ കൂടിയായ ജിങ്കാനെതിരെ ആരാധകര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഒന്നിലധികം ട്വീറ്റുകളിലൂടെയും വീഡിയോയിലൂടെയും ജിങ്കാന്‍ ആരാധകരോട് മാപ്പു പറയുകയായിരുന്നു.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുവെന്ന് എനിക്കറിയാം. എന്‍റെ ഭാഗത്തുനിന്നുവന്ന ഒരു പിഴവായിരുന്നു ആ പരാമര്‍ശം.പിന്നീട് ഇരുന്ന് ആലോചിച്ചപ്പോഴാണ് എന്‍റെ ഭാഗത്തു നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പിഴവായിരുന്നു അതെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. മത്സരച്ചൂടിന്‍റെ ഭാഗമായാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. അത് തെറ്റാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.

അതിന് ആത്മാര്‍ത്ഥമായും മാപ്പു പറയുന്നു. അത്തരമൊരു പരാമര്‍ശത്തിലൂടെ എന്നെ പിന്തുണക്കുന്നവരെയും എന്‍റെ കുടുംബാംഗങ്ങളെയും ഞാന്‍ നിരാശരാക്കി. അതില്‍ എനിക്ക് ഖേദമുണ്ട്. സംഭവിച്ച കാര്യം ഇനി ഒരിക്കലും മായ്ച്ചു കളയാനാവില്ല. പക്ഷെ ഇതില്‍ നിന്ന് ഞാനൊരു പാഠം പഠിക്കുന്നു. നല്ലൊരു മനുഷ്യനാാവാനും മികച്ച പ്രഫഷണലാവാനും മറ്റുള്ളവര്‍ക്ക് മാതൃകയാവാനുമായിരിക്കും ഇനി എന്‍റെ ശ്രമം.

എന്‍റെ നാക്കു പിഴയുടെ പേരില്‍ കുടുംബാഗങ്ങള്‍ക്ക് നേരെയും പ്രത്യേകിച്ച് ഭാര്യക്കു നേരെയും വിദ്വേഷ പ്രചാരണങ്ങള്‍ വരെ നടന്നു. എന്‍റെ പരാമര്‍ശം ആരാധകരെ അസ്വസ്ഥരാക്കിയിരിക്കാം. പക്ഷെ അതിന്‍റെ പേരില്‍ എന്നെയും എന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുക്കയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്യരുത്. അത് നിര്‍ത്താന്‍ നിങ്ങളോട് ഞാന്‍ അപേക്ഷിക്കുകയാണ്. അവസാനമായി ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായി മാപ്പു പറയുന്നു. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നല്ലൊരു മനുഷ്യനാണ് ഇനി എന്‍റെ ശ്രമം-എന്നായിരുന്നു ജിങ്കാന്‍റെ വാക്കുകള്‍.

Latest Videos
Follow Us:
Download App:
  • android
  • ios