കഴിഞ്ഞ മത്സരത്തിലെ ദയനീയ തോൽവിയുടെ ക്ഷീണം മാറ്റുകയാകും എടികെ മോഹന്‍ ബഗാന്‍റെ ലക്ഷ്യം

പനാജി: ഐഎസ്എൽ (ISL 2021-22) ഫുട്ബോൾ സീസണിൽ വിജയവഴിയിൽ തിരിച്ചെത്താന്‍ എടികെ മോഹന്‍ ബഗാന്‍ (ATK Mohun Bagan) ഇന്നിറങ്ങും. ഗോവയിൽ രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ ജംഷഡ്‌പൂര്‍ എഫ്‌സിയാണ് (Jamshedpur FC) എതിരാളികള്‍. മൂന്ന് കളിയിൽ രണ്ട് ജയവുമായി എടികെ മോഹന്‍ ബഗാന് 6 പോയിന്‍റുണ്ട്. മൂന്ന് കളിയിൽ ഒരു ജയവും രണ്ട് സമനിലയും വഴി 5 പോയിന്‍റാണ് ജംഷഡ്‌പൂരിനുള്ളത്.

മുംബൈ സിറ്റിക്കെതിരെ കഴിഞ്ഞ മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണം മാറ്റുകയാകും മുന്‍ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്‍റെ ലക്ഷ്യം. മൂന്ന് മത്സരങ്ങളില്‍ ആകെ ഏഴ് ഗോളുകളാണ് എടികെ ഇതുവരെ വഴങ്ങിയത്. ജംഷഡ്‌പൂരിന്‍റെ മികച്ച ഫോമിലുള്ള ഗ്രെഗ് സ്റ്റുവര്‍ട്ട്, വാൽസ്‌കിസ് സഖ്യത്തെ തടയുകയാകും ഹബാസിന് മുന്നിലെ പ്രധാന വെല്ലുവിളി.

ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം 

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തോൽപിച്ചാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ അൽവാരോ വാസ്ക്വേസും മലയാളി താരം കെ പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പ്രശാന്തിന്‍റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. അഡ്രിയൻ ലൂണയാണ് രണ്ട് ഗോളിനും വഴിയൊരുക്കിയത്. നിഖിൽരാജ് ഒഡിഷയുടെ ആശ്വാസഗോൾ നേടി.

യാവി ഹെർണാണ്ടസ് നവംബറിലെ മികച്ച താരം

ഐഎസ്എല്ലിൽ നവംബറിലെ ഏറ്റവും മികച്ച താരത്തിനുള്ള ഹീറോ ഓഫ് ദ മന്ത് പുരസ്‌കാരം ഒഡിഷ എഫ്‌സിയുടെ യാവി ഹെർണാണ്ടസിന്. മൂന്ന് ഗോളും മൂന്ന് അസിസ്റ്റുമായാണ് യാവി ഹെർണാണ്ടസ് നവംബറിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എടികെ മോഹൻ ബഗാൻ താരങ്ങളായ റോയ് കൃഷ്‌ണ, ലിസ്റ്റൺ കൊളാസോ, ഒഡിഷയുടെ കബ്രേറ, ഹെക്‌ടർ എന്നിവരെ മറികടന്നാണ് യാവി ഹെർണാണ്ടസിന്റെ നേട്ടം.

Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യം തോല്‍വിയറിയാത്ത ടീമാവുക: ഇവാൻ വുകോമനോവിച്ച്