ഇരുടീമുകളും തമ്മിലുള്ള ആദ്യ പാദമത്സരത്തിൽ എടികെ മോഹന്‍ ബഗാന്‍ ആണ് ജയിച്ചത്

പനാജി: ഐഎസ്എൽ ഫുട്ബോളില്‍ (ISL 2021-22) ഇന്ന് വടക്കുകിഴക്കന്‍ പോരാട്ടം. എടികെ മോഹന്‍ ബഗാനും (ATK Mohun Bagan) നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും (NorthEast United) ഏറ്റുമുട്ടും. രാത്രി 7.30നാണ് മത്സരം. 23 പോയിന്‍റുമായി എടികെ മോഹന്‍ ബഗാന്‍ നാലാംസ്ഥാനത്തും 10 പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന സ്ഥാനത്തുമാണ്. 

കഴിഞ്ഞ 9 കളിയിൽ എടികെ മോഹന് ബഗാന്‍ തോറ്റിട്ടില്ല. അതേസമയം നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ 9 കളിയിൽ ഒന്നിൽ പോലും ജയിച്ചിട്ടില്ല. ഇരുടീമുകളും തമ്മിലുള്ള ആദ്യ പാദമത്സരത്തിൽ എടികെ മോഹന്‍ ബഗാന്‍ ആണ് ജയിച്ചത്. 

വീണ്ടും ഹൈദരാബാദ്

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി വിജയിച്ചു. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് ഹൈദരാബാദ് തോൽപ്പിച്ചു. 16-ാം മിനിറ്റില്‍ ഹാവിയര്‍ സിവേറിയോ ഹൈദരാബാദിനെ മുന്നിലെത്തിച്ചു. 30-ാം മിനിറ്റില്‍ ജാവോ വിക്ടര്‍ ലീഡ് ഉയര്‍ത്തി. 87-ാം മിനിറ്റിൽ നായകന്‍ സുനില്‍ ഛേത്രി ബിഎഫ്‌സിയുടെ ആശ്വാസ ഗോള്‍ നേടി. 16 കളിയിൽ 29 പോയിന്‍റുമായി ഹൈദരാബാദ് ഒന്നാംസ്ഥാനം ഭദ്രമാക്കി. 16 കളിയിൽ 23 പോയിന്‍റുമായി ബിഎഫ്‌സി മൂന്നാംസ്ഥാനത്ത് തുടരും.

ചരിത്രമെഴുതി ഛേത്രി

ഐഎസ്എല്ലിൽ ചരിത്രനേട്ടവുമായി സുനിൽ ഛേത്രി. ലീഗില്‍ 50 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം ഛേത്രി സ്വന്തമാക്കി. ഹൈദരാബാദിനെതിരായ മത്സരത്തിലെ ഗോളിലൂടെയാണ് ബിഎഫ്‌സി നായകന്‍ നേട്ടം സ്വന്തമാക്കിയത്. 49 ഗോളുകള്‍ നേടിയ ഹൈദരാബാദിന്‍റെ നൈജീരിയന്‍ താരം ബര്‍ത്തലോമ്യൂ ഒഗ്ബച്ചേ ആണ് രണ്ടാംസ്ഥാനത്ത്. ചരിത്രനേട്ടത്തിൽ ഛേത്രിയെ ഒഗ്ബച്ചേയും അഭിനന്ദിച്ചു. 

IPL Auction 2022 : ഐപിഎല്‍ താരലേലം; ലൈവ്, സമയം, ശ്രദ്ധേയതാരങ്ങള്‍, പ്രതീക്ഷിക്കുന്നത്; അറിയേണ്ടതെല്ലാം