12 കളിയില്‍ 14 പോയിന്‍റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു എഫ്‌സി

പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) ബെംഗളൂരു എഫ്‌സി (Bengaluru FC)- എഫ്‌സി ഗോവ (FC Goa) മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ നേടി. ഡൈലാന്‍ ഫോക്‌സ് (Dylan Fox) 41-ാം മിനുറ്റില്‍ ഗോവയെ മുന്നിലെത്തിയപ്പോള്‍ 61-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ (Sunil Chhetri) ഗോള്‍ ബിഎഫ്‌സിക്ക് സമനില സമ്മാനിക്കുകയായിരുന്നു. ഇതോടെ ഛേത്രി ഐഎസ്എല്ലില്‍ കൂടുതല്‍ ഗോള്‍ നേടിയ ഫെറൻ കോറോമിനാസിന്‍റെ (48 ഗോള്‍) റെക്കോര്‍ഡിനൊപ്പമെത്തി. 

12 കളിയില്‍ 14 പോയിന്‍റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു എഫ്‌സി. ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടും അത്രതന്നെ പോയിന്‍റുള്ള ഗോവയുടെ ഒന്‍പതാം സ്ഥാനത്തിലും മാറ്റമില്ല. ആദ്യപാദത്തില്‍ ഗോവ ഒന്നിനെതിരെ രണ്ട് ഗോളിന് ബിഎഫ്‌സിയെ തോല്‍പിച്ചിരുന്നു. 

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഒന്നാം സ്ഥാനത്തിന് ഇന്നും കോട്ടംതട്ടിയിട്ടില്ല. 11 കളിയില്‍ 20 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് തലപ്പത്ത് കസേരയുറപ്പിക്കുമ്പോള്‍ ഒരു പോയിന്‍റ് മാത്രം പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സിയാണ് രണ്ടാമത്. ഇന്നലെ സീസണിലെ അഞ്ചാം ജയത്തോടെ 18 പോയിന്‍റിലെത്തിയ മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയാണ് മൂന്നാം സ്ഥാനത്ത്. 

Scroll to load tweet…

ഇന്നത്തെ രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ രാത്രി 9.30ന് ഒഡിഷ എഫ്‌സിയെ നേരിടും. കൊവിഡ് കാരണം എടികെ ബഗാന്‍റെ കഴിഞ്ഞ രണ്ട് മത്സരങ്ങളും മാറ്റിവച്ചിരുന്നു. 

AFC Women's Asian Cup 2022 : ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീമില്‍ കൊവിഡ് വ്യാപനം; മത്സരത്തിൽ നിന്ന് പിന്മാറി