ഫത്തോഡയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം

മഡ്‌ഗോവ: ഐഎസ്എല്ലില്‍ (ISL 2021-22) ഈസ്റ്റ് ബംഗാളിനെ (SC East Bengal) സീസണിലെ 10-ാം തോല്‍വിയിലേക്ക് തള്ളിവിട്ട് ആദ്യ നാലില്‍ തിരിച്ചെത്തി മുംബൈ സിറ്റി (Mumbai City FC). ഫത്തോഡയില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈയുടെ ജയം. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ബിപിന്‍ സിംഗാണ് (Bipin Singh) മുംബൈ സിറ്റിയുടെ (MCFC) വിജയഗോള്‍ നേടിയത്. ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ മുംബൈയും ഈസ്റ്റ് ബംഗാളും ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

ബിപിന്‍ സിംഗ് വിജയശില്‍പി

ഫത്തോഡയില്‍ ഇഗോര്‍ അന്‍ഗ്യൂലോയെ ഏക സ്‌ട്രൈക്കറാക്കി 4-2-3-1 ശൈലിയിലാണ് മുംബൈ സിറ്റി കളത്തിലിറങ്ങിയത്. ഈസ്റ്റ് ബംഗാളാവട്ടെ ബെര്‍ണാഡിനെയും ഹോക്കിപ്പിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ഫോര്‍മേഷനിലും. ആദ്യപകുതിയില്‍ പന്ത് വലയിലെത്തിക്കാന്‍ ഇരു ടീമിനുമായില്ല. 

രണ്ടാംപകുതിയില്‍ 47-ാം മിനുറ്റില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം അന്‍ഗ്യൂലോ പാഴാക്കി. എന്നാല്‍ 51-ാം ബിപിന്‍ സിംഗ് മുംബൈക്ക് ലീഡ് സമ്മാനിച്ചു. ബ്രാഡ് ഇന്‍മാനിന്‍റെ പാസില്‍ മാര്‍ക്ക് ചെയ്യപ്പെടാണ്ട് നില്‍ക്കുകയായിരുന്ന ബിപിന്‍ സിംഗ് വല ചലിപ്പിക്കുകയായിരുന്നു. പിന്നാലെ ഇരു ടീമുകളുടെ സബ്‌സ്റ്റിറ്റ്യൂട്ടുകളെ പരീക്ഷിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. നാല് മിനുറ്റ് അധികസമയം മുതലാക്കാനും ഇരു കൂട്ടര്‍ക്കുമായില്ല. 

ജയത്തോടെ 17 മത്സരങ്ങളില്‍ എട്ട് ജയവും 28 പോയിന്‍റുമായി മുംബൈ സിറ്റി നാലാം സ്ഥാനത്തെത്തി. 17 കളികളില്‍ 32 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയും 16 കളികളില്‍ 31 പോയിന്‍റുള്ള ജംഷഡ്‌പൂര്‍ എഫ്‌സിയും 16 മത്സരങ്ങളില്‍ 30 പോയിന്‍റുമായി എടികെ മോഹന്‍ ബഗാനും യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുകയാണ്. അതേസമയം സീസണില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ 10 പോയിന്‍റോടെ അവസാന സ്ഥാനത്ത് തുടരുന്നു. 

Scroll to load tweet…

നാളെ ബ്ലാസ്റ്റേഴ്‌സിന് തീപ്പോര്

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ആദ്യപാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റ ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു. 16 കളികളില്‍ 27 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈക്ക് പിന്നിലായി അഞ്ചാമത് നില്‍ക്കുന്നു. ജയിച്ച് ആദ്യ നാലില്‍ കസേര ഉറപ്പിക്കാനാകും ബ്ലാസ്റ്റേഴ്‌‌സിന്‍റെ ശ്രമം. 

Kerala Blasters : കേരള ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം; പരിക്ക് മാറി റുയിവാ ഹോർമിപാം തിരികെ ക്യാംപിൽ