പതിനഞ്ചാം മത്സരത്തിനിറങ്ങുമ്പോൾ 14 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോവ

പനാജി: ഐഎസ്എല്ലിൽ (ISL 2021-22) എഫ്‌സി ഗോവ (FC Goa) ഇന്ന് ഒഡിഷ എഫ്‌സിയെ (Odisha FC) നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. വിജയവഴിയിലെത്താനാണ് ഗോവയും ഒഡിഷയും നേർക്കുനേർ വരുന്നത്. 

പതിനഞ്ചാം മത്സരത്തിനിറങ്ങുമ്പോൾ 14 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് ഗോവ. അവസാന അഞ്ച് കളിയിൽ ഒറ്റ ജയം മാത്രം. രണ്ടുവീതം സമനിലയും തോൽവിയും. സീസണിൽ ആകെ മൂന്ന് കളിയിൽ ജയിച്ച ഗോവ 17 ഗോൾ നേടിയപ്പോൾ 23 ഗോൾ വഴങ്ങി. 13 കളിയിൽ 17 പോയിന്റുള്ള ഒഡിഷ എട്ടാം സ്ഥാനത്ത്. അവസാന അഞ്ച് കളിയിൽ രണ്ട് തോൽവി രണ്ട് ജയം ഒരു സമനില. 22ഗോൾ നേടിയപ്പോൾ 27 ഗോൾ വഴങ്ങി. 

ആദ്യപാദത്തിൽ നേർക്കുനേർ വന്നപ്പോൾ ഇരുടീമും ഓരോ ഗോൾ നേടി സമനില പാലിക്കുകയായിരുന്നു. ഇരുടീമും പതിനേഴ് കളിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഗോവ പതിനൊന്നിലും ഒഡിഷ മൂന്നിലും ജയിച്ചു. മൂന്ന് കളി സമനിലയിൽ അവസാനിച്ചു. ഗോവ ആകെ നേടിയത് 36 ഗോളെങ്കില്‍ ഒഡിഷ 20 ഗോളുകള്‍.

ഹൈദരാബാദിന്‍റെ ഗോള്‍മഴ

ഇന്നലത്തെ തകര്‍പ്പന്‍ ജയത്തോടെ ഒന്നാംസ്ഥാനം ഹൈദരാബാദ് എഫ്‌സി ഭദ്രമാക്കി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഹൈദരാബാദ് തകര്‍ത്തത്. ബെർത്തലോമ്യൂ ഒഗ്‌ബെച്ചേ ഇരട്ട ഗോള്‍ നേടി. ആകാശ് മിശ്ര, നിഖില്‍ പൂജാരി, എഡു ഗാര്‍സിയ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകള്‍.

ജയത്തോടെ ഹൈദരാബാദിന് 14 മത്സരങ്ങളില്‍ 26 പോയിന്റായി. 12 മത്സരങ്ങളില്‍ 22 പോയിന്റുള്ള ജംഷഡ്പൂര്‍ എഫ്‌സിയാണ് രണ്ടാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ 20 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റിന് 10 പോയിന്റ് മാത്രമാണുള്ളത്. 10 സ്ഥാനത്താണ് അവര്‍. 

ISL 2021-22 : നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ചാരമാക്കി; ഒന്നാം സ്ഥാനം ഭദ്രമാക്കി ഹൈദരാബാദ് എഫ്‌സി