ഐഎസ്എല്ലിൽ നാളെയാണ് കേരള ബ്ലാസ്റ്റേഴിന്‍റെ കിരീടപ്പോരാട്ടം. കരുത്തരായ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ.
ഫട്ടോർഡ: ഐഎസ്എൽ (ISL 2021-22) ഫൈനലില്‍ മഞ്ഞ ജേഴ്സി ലഭിക്കാത്തതിൽ നിരാശയില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദ് (Ishfaq Ahmed). പരിക്കേറ്റ സഹല്‍ അബ്‌ദുല്‍ സമദിനായി (Sahal Abdul Samad) കിരീടം നേടാനുള്ള അവസരമാണ് മുന്നിലെന്നും ഇഷ്ഫാഖ് അഹമ്മദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്‍റെ മുന്‍താരം കൂടിയാണ് ഇഷ്ഫാഖ് അഹമ്മദ്.
ഐഎസ്എല്ലിൽ നാളെയാണ് കേരള ബ്ലാസ്റ്റേഴിന്‍റെ കിരീടപ്പോരാട്ടം. കരുത്തരായ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനൽ കളിക്കുന്ന ബ്ലാസ്റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ബ്ലാസ്റ്റേഴ്‌സ് സെമിയിൽ ജംഷഡ്‌പൂരിനെയും ഹൈദരാബാദ്, എടികെ മോഹൻ ബഗാനെയുമാണ് തോൽപിച്ചത്.
ഐഎസ്എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് മഞ്ഞ ജഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്‍റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയിൽ കുളിച്ചുനിൽക്കുമ്പോൾ കളത്തിൽ കറുപ്പില്‍ നീലവരകളുള്ള ജഴ്സി ധരിച്ചാവും ബ്ലാസ്റ്റേഴ്സ് താരങ്ങളെത്തുക.
സെമിയില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്‌സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി. ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയിൽ ജയിച്ചു.
കാണാം ഇഷ്ഫാഖ് അഹമ്മദുമായുള്ള അഭിമുഖം



