കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണയും സ്നേഹവും അറിയിച്ച് മഞ്ഞയണിയുകയായിരുന്നു നയാഗ്ര വെളളച്ചാട്ടം
നയാഗ്ര: ഐഎസ്എല്‍ ഫൈനലിന് (ISL 2021-22 Final) മഞ്ഞക്കടലായിരുന്നു ഗോവ. കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) പിന്തുണയറിച്ച് ഫൈനല്‍ കാണാന്‍ മഞ്ഞപ്പട (Manjappada) ആരാധകര്‍ ഗോവയിലേക്ക് ഒഴുകുകയായിരുന്നു. കേരളത്തിലങ്ങോളം ഫാന്‍ പാര്‍ക്കുകളൊരുക്കി ആരാധകര്‍ ഫൈനലിന്‍റെ ആവേശം കൂട്ടി. കേരളത്തിന് പുറത്തും ആരാധകര്‍ ബിഗ് സ്‌ക്രീനില്‍ കളി കണ്ടു. ഇന്ത്യയും കടന്ന് അങ്ങ് നയാഗ്ര വെളളച്ചാട്ടത്തില്‍ (Niagara Falls) വരെ മഞ്ഞപ്പടയുടെ ആവേശമെത്തി എന്നതാണ് കൗതുകം.
കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണയും സ്നേഹവും അറിയിച്ച് മഞ്ഞയണിയുകയായിരുന്നു നയാഗ്ര വെളളച്ചാട്ടം. മാസ് നയാഗ്രയും സിറ്റി ഓഫ് നയാഗ്രയും ചേർന്നാണ് ബ്ലാസ്റ്റേഴ്‌സിന് ദൃശ്യ വിരുന്ന് ഒരുക്കിയത്. നയാഗ്രയെ മഞ്ഞ ശോഭ അണിയിച്ച് ബ്ലാസ്റ്റേഴ്‌സിനുളള സ്നേഹവും പിന്തുണയും അറിയിക്കുകയാണെന്ന് മേയർ ജിം ഡിഓഡാറ്റി എഫ്‌ബി പോസ്റ്റിലൂടെ അറിയിച്ചു. നയാഗ്ര വെളളച്ചാട്ടം മഞ്ഞയണിഞ്ഞ കാഴ്‌ച കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഫട്ടോര്‍ഡയില്‍ തിങ്ങിനിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സാക്ഷിയാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെതിരെ ഫൈനല്‍ കളിച്ചത്. എന്നാല്‍ 2014നും 2016നും പിന്നാലെ 2022ലെ ഫൈനലും ബ്ലാസ്റ്റേഴ്‌സിന് നിരാശയായി. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം സ്വന്തമാക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ 3 ഗോളിനാണ് ഹൈദരാബാദിന്‍റെ ജയം. 68-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഗോളിന് 88-ാം മിനുറ്റില്‍ സാഹില്‍ ടവോര മറുപടി നല്‍കിയതോടെയാണ് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങിയത്.
പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മഞ്ഞപ്പട ആരാധകര്‍ ഗോവയിലേക്ക് വണ്ടിപിടിച്ചത്. 'കേറിവാടാ മക്കളേ'... എന്ന വുകോമനോവിച്ചിന്‍റെ വീഡിയോ വൈറലായിരുന്നു. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തിങ്ങിനിറഞ്ഞ ഗാലറി വുകോമനോവിച്ചിനെ ആവേശത്തിലാക്കി. മൈതാനത്തിറങ്ങി ആരാധകരെ ഹൃദയാഭിവാദ്യം ചെയ്‌ത് നന്ദിയറിയിച്ചു വുകോമനോവിച്ച്. താരങ്ങളും സഹപരിശീലകരും വുകോമനോവിച്ചിനൊപ്പമുണ്ടായിരുന്നു. ആരാധകരോടുള്ള നന്ദി പ്രകടിപ്പിക്കാൻ ടീം ഒന്നടങ്കം മൈതാനം വലംവച്ചു.
Kerala Blasters : ഹോർമിപാം, പ്രഭ്‌സുഖൻ ഗില്‍, വിൻസി ബരേറ്റോ... ഭാവി കണ്ടെത്തി കേരള ബ്ലാസ്റ്റേഴ്‌സ്
