എല്ലാ പൊസിഷനുകളിലേക്കും ഭാവി താരങ്ങളെ കണ്ടെത്തിയതാണ് ബ്ലാസ്റ്റേഴ്‌സിന് സീസണിന്‍റെ ബാക്കിയിരുപ്പ്
മഡ്‌ഗാവ്: നിരാശയുടെ പടുകുഴിയിലാണെങ്കിലും ഭാവി ശോഭനമാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഐഎസ്എല്‍ ഫൈനല്‍ (ISL 2021-22 Final) കഴിഞ്ഞ് ഗോവയിൽ നിന്ന് മടങ്ങുന്നത്. ഒരുപിടി യുവതാരങ്ങളെ ടീമിന്‍റെ നട്ടെല്ലാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്‌സിന് (KBFC) കഴിഞ്ഞു. ഇവരില്‍ മിക്കവരെയും വരും സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അടുത്ത തലമുറ റെഡി
മുന്നോട്ടുനോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം. മുൻഗാമികൾക്കൊന്നും കഴിയാത്തവിധം പരിശീലകന്‍ ഇവാൻ വുക്കോമനോവിച്ച് ടീമിന് അടിത്തറയിട്ടു. അവസാന കടമ്പയിൽ ഹൈദരാബാദ് എഫ്‌സിക്ക് മുന്നില്‍ അടിതെറ്റിയെങ്കിലും ഇവാനൊപ്പം പ്ലേമേക്കർ അഡ്രിയൻ ലൂണയും അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാവുമെന്നുറപ്പ്. 23 വയസിൽ താഴെയുള്ള ഹോർമിപാമും സഞ്ജീവ് സ്റ്റാലിനും ജീക്സൺ സിംഗും പ്യൂട്ടിയയും വിൻസി ബരേറ്റോയും കെ പി രാഹുലും പകരക്കാരനായെത്തി വിശ്വസ്തനായ പ്രഭ്സുഖൻ ഗില്ലുമല്ലാം സഹൽ അബ്ദുൽ സമദിനൊപ്പം ബ്ലാസ്റ്റേഴ്സിനെ ചുമലിലേറ്റാൻ ശേഷിയുള്ളവരായി വളർന്നു.
എല്ലാ പൊസിഷനുകളിലേക്കും ഭാവി താരങ്ങളെ കണ്ടെത്തിയതാണ് ബ്ലാസ്റ്റേഴ്‌സിന് സീസണിന്‍റെ ബാക്കിയിരുപ്പ്. ഇതിനുമപ്പുറം ഏത് തിരിച്ചടിയിലും കൈവിടാത്ത ആരാധകരുടെ നിലയ്ക്കാത്ത പിന്തുണയുമുണ്ട് ബ്ലാസ്റ്റേഴ്സിന്.
ഐഎസ്എല്ലില്‍ 2014നും 2016നും പിന്നാലെ 2022ലെ ഫൈനലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുന്നതായി. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഹൈദരാബാദ് എഫ്‌സി കന്നിക്കിരീടം സ്വന്തമാക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ ഒന്നിനെതിരെ 3 ഗോളിനാണ് ഹൈദരാബാദിന്‍റെ ജയം. 68-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഗോളിന് 88-ാം മിനുറ്റില്‍ സാഹില്‍ ടവോര മറുപടി നല്‍കിയതോടെയാണ് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങിയത്. എന്നാല്‍ കിക്കെടുത്തപ്പോള്‍ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് പിഴച്ചു.
