ആദ്യ മിനിറ്റുകളില്‍ ജംഷഡ്‌പൂരിന്‍റെ ആക്രമണമാണ് കണ്ടതെങ്കില്‍ പതുക്കെ കളം പിടിച്ച ബ്ലാസ്റ്റേഴ് ആക്രമണങ്ങളില്‍ ജംഷ്ഡ്പൂരിനൊപ്പമെത്തി.ആദ്യപത്തു മിനിറ്റില്‍ പന്തടക്കത്തില്‍ ജംഷഡ്‌പൂരിനായിരുന്നു ആധിപത്യം.

ബംബോലിം: ഐഎസ്എല്ലിലെ(ISL 2021-22) നിര്‍ണായക പോരാട്ടത്തില്‍ ജംഷ‌ഡ്പൂര്‍ എഫ് സിയെ(Jamshedpur FC) നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters) ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട ആദ്യ പകുതിയുടെ അവസാന നിമിഷം ഗ്രെഗ് സ്റ്റുവര്‍ട്ടിനെ(Greg Stewart ) ബോക്സില്‍ ദെനെചന്ദ്രെ മെറ്റേയി ഫൗള്‍ ചെയ്തതിനാണ് ജംഷഡ്‌പൂരിനെ അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത സ്റ്റുവര്‍ട്ട് അനായാസം പന്ത് വലയിലാക്കി.

ആദ്യ മിനിറ്റുകളില്‍ ജംഷഡ്‌പൂരിന്‍റെ ആക്രമണമാണ് കണ്ടതെങ്കില്‍ പതുക്കെ കളം പിടിച്ച ബ്ലാസ്റ്റേഴ് ആക്രമണങ്ങളില്‍ ജംഷ്ഡ്പൂരിനൊപ്പമെത്തി.ആദ്യപത്തു മിനിറ്റില്‍ പന്തടക്കത്തില്‍ ജംഷഡ്‌പൂരിനായിരുന്നു ആധിപത്യം. പതിനഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ഹര്‍മന്‍ജ്യോത് ഖബ്രയിലൂടെ ജംഷഡ്ഫൂരിന്‍റെ ബോക്സിലെത്തിയത്. പന്തടക്കത്തിലും പാസിംഗിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ ഗില്ലിനെ പരീക്ഷിക്കാനുള്ള ഷോട്ടുകളൊന്നും ജംഷഡ്പൂരിന് തൊടുക്കാനായില്ല.

ആദ്യ കൂളിംഗ് ബ്രേക്കിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിന്‍റെ പകുതിയിലേക്ക് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഇതിനിടെ പലതവണ ബ്ലാസ്റ്റേഴ്സ് ബോക്സിലെത്തിയെങ്കിലും ജംഷഡ്‌പൂരിന് ഫൈനല്‍ ടച്ച് അന്യമായി.

ഇതിനിടെയാണ് ദെനെചന്ദ്രെ മെറ്റേയിയുടെ അനാവശ്യ ഫൗളില്‍ ബ്ലാസ്റ്റഴേസ് പെനല്‍റ്റി വഴങ്ങിയത്. ബോക്സില്‍ പന്തിനായുള്ല പോരാട്ടത്തിനിടെ സ്റ്റുവര്‍ട്ടിന്‍റെ ശരീരത്തില്‍ മെറ്റേയി പിടിച്ചുവലിച്ചതോടെ സ്റ്റുവര്‍ട്ട് നിലത്തുവീണു. റഫറി പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടി. കിക്കെടുത്ത സ്റ്റുവര്‍ട്ടിന് പിഴച്ചില്ല. ആദ്യ പകുതിയില്‍ ഈ ഒരു ഗോള്‍ മാത്രമാണ് ഇരു ടീമിനെയും വേറിട്ടു നിര്‍ത്തിയത്.