സെമിയിൽ ജംഷഡ്‌പൂരിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിക്കുകയായിരുന്നു മഞ്ഞപ്പട

വാസ്‌കോ ഡ ഗാമ: തകർപ്പൻ ഫോമിലുള്ള കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഈ സീസണിൽ ഐഎസ്എല്‍ (ISL 2021-22) കിരീടം നേടുമെന്ന് ഇന്ത്യന്‍ ഇതിഹാസ ഫുട്ബോളര്‍ ഐ എം വിജയൻ (I M Vijayan). സന്ദേശ് ജിംഗാൻ (Sandesh Jhingan) കളിക്കുന്ന എടികെ മോഹൻ ബഗാനെ (ATK Mohun Bagan) ഫൈനലിൽ എതിരാളികളായി കിട്ടണമെന്നാണ് ആഗ്രഹമെന്നും വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സെമിയില്‍ സീസണില്‍ വിസ്‌മയ കുതിപ്പ് നടത്തുകയായിരുന്ന ജംഷഡ്‌പൂര്‍ എഫ്‌സിയെ മലര്‍ത്തിയടിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്.

സെമിയിൽ ജംഷഡ്‌പൂരിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിക്കുകയായിരുന്നു മഞ്ഞപ്പട. ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഞായറാഴ്ച എടികെ മോഹന്‍ ബഗാന്‍- ഹൈദരാബാദ് എഫ്‌സി രണ്ടാം സെമി വിജയികളെ നേരിടും. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്.

തിലക് മൈതാനിയിലെ രണ്ടാംപാദത്തില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്‍റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. രണ്ടാംപാദത്തില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡര്‍ ജംഷഡ്‌പൂരിനായി ഗോള്‍ മടക്കി. ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അല്‍വാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സ് 1-0ന് ജയിച്ചിരുന്നു.

പ്രതിസന്ധി ഘട്ടത്തിലും തളരാതെ പൊരുതിയതിന്‍റെ ഫലമാണ് ഫൈനൽ പ്രവേശമെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് പറഞ്ഞു. ഫൈനലിനായി നന്നായി ഒരുങ്ങുമെന്നും വുകോമനോവിച്ച് വ്യക്തമാക്കി. ഫൈനലിൽ എത്തിയതിൽ സന്തോഷമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയൻ ലൂണ പ്രതികരിച്ചു. ഫൈനലിലെ എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്‌സിന് ആശങ്കയില്ലെന്നും അഡ്രിയൻ ലൂണ പറഞ്ഞു. 

YouTube video player

ISL 2021-22 : ഫൈനലില്‍ എതിരാളികൾ ആരായാലും ബ്ലാസ്റ്റേഴ്‌സിന് ആശങ്കയില്ല: മുന്നറിയിപ്പുമായി അഡ്രിയൻ ലൂണ