Asianet News MalayalamAsianet News Malayalam

ISL 2021-22: പെനല്‍റ്റി പോരില്‍ മുംബൈ സിറ്റിയെ വീഴ്ത്തി ജംഷഡ്പൂര്‍ മൂന്നാമത്

ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെയും റ്വിത്വിക് ദാസിന്‍റെയും ഗോളുകളുടെ കരുത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു ജംഷഡ്‌പൂരിനെ രണ്ടാം പകുതിയില്‍ രാഹുല്‍ ബെക്കെയും ഡിയാഗോ മൗറിഷ്യയോയും നേടിയ ഗോളുകളിലാണ് മുംബൈ സിറ്റി സമനിലയില്‍ കുരുക്കിയത്.

ISL 2021-22: Jamshedpur FC beat Mumbai City FC 3-2, move 3rd in Point table
Author
Bambolim, First Published Feb 17, 2022, 9:55 PM IST

ബംബോലിം: മൂന്ന് പെനല്‍റ്റി കിക്കുകള്‍ കണ്ട ഐഎസ്എല്ലിലെ(ISL 2021-22) കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ് സിയെ(Mumbai City FC) രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ജംഷഡ്‌പൂര്‍ എഫ് സി( Jamshedpur FC). ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ജംഷഡ്‌പൂര്‍ എഫ്‌സി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും മുംബൈ സിറ്റി അഞ്ചാം സ്ഥാനത്ത് തുടരുന്നു. 15 കളികളില്‍ 28 പോയന്‍റുമായാണ് ജംഷഡ്പൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

ബ്ലാസ്റ്റേഴ്സിന് 15 മത്സരങ്ങളില്‍ 26 പോയന്‍റും അഞ്ചാം സ്ഥാനത്തുള്ള മുംബൈക്ക് 16 കളികളില്‍ 25 പോയന്‍റുമാണുള്ളത്. ആദ്യപാദത്തില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് മുംബൈക്ക് മുന്നില്‍ മുട്ടുമടക്കിയതിനുള്ള മധുരപ്രതികാരം കൂടിയായി ജംഷഡ്പൂരിന്‍റെ ആവേശജയം. പരാജയമറിയാത്ത ആറ് മത്സരങ്ങള്‍ക്ക് ശേഷമാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ തോല്‍ക്കുന്നത്. ജംഷഡ്‌പൂരാകട്ടെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇന്ന് നേടിയത്.

ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെയും റ്വിത്വിക് ദാസിന്‍റെയും ഗോളുകളുടെ കരുത്തില്‍ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു ജംഷഡ്‌പൂരിനെ രണ്ടാം പകുതിയില്‍ രാഹുല്‍ ബെക്കെയും ഡിയാഗോ മൗറിഷ്യയോയും നേടിയ ഗോളുകളിലാണ് മുംബൈ സിറ്റി സമനിലയില്‍ കുരുക്കിയത്. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്ക് വലയിലെത്തിച്ച് ഗ്രെഗ് സ്റ്റുവര്‍ട്ട് ജംഷഡ്‌പൂരിന് അവിസ്മരണീയ ജയം സമ്മാനിച്ചു.

രണ്ടാം പകുതിയില്‍ മുംബൈക്ക് അനുകൂലമായി രണ്ട് പെനല്‍റ്റി കിക്കുകള്‍ ലഭിച്ചു. 69-ാം മിനിറ്റില്‍ മൗര്‍ത്തോദോ ഫാളിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ഇഗോര്‍ അംഗൂളോ എടുത്തെങ്കിലും ജംഷഡ്‌പൂരിന്‍റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷ മനോഹരമായ സേവിലൂടെ രക്ഷപ്പെടുത്തി. റീബൗണ്ടിലെത്തിയ കിക്കും രക്ഷപ്പെടുത്തി രഹ്നേഷ് ജംഷഡ്‌പൂരിന്‍റെ രക്ഷകനായി.

എന്നാല്‍ 15 മിനിറ്റിനകം ജംഷഡ്‌പൂര്‍ രണ്ടാം പെനല്‍റ്റി വഴങ്ങി. ഇത്തവണ കിക്കെടുത്ത ഡിയാഗോ മൗറീഷ്യോക്ക് പിഴച്ചില്ല. രഹ്നേഷിനെ കീഴടക്കി പന്ത് വലയിലാക്കിയ മൗറീഷ്യ മുംബൈക്ക് സമനില സമ്മാനിച്ചു. എന്നാല്‍ അഞ്ച് മിനിറ്റിനകം മുംബൈ ബോക്സില്‍ പ്രതിരോധ നിര താരം വിഘ്നേഷ് ദക്ഷിണാമൂര്‍ത്തിയുടെ കൈയില്‍ പന്ത് കൊണ്ടതിന് റഫറി ജംഷഡ്‌പൂരിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. കിക്കെടുത്ത സ്റ്റുവര്‍ട്ട് മത്സരത്തിലെ തന്‍റെ രണ്ടാം ഗോളിലൂടെ ജംഷഡ്‌പൂരിന് ജയം സമ്മാനിച്ചു.

Follow Us:
Download App:
  • android
  • ios