എട്ട് കളിയിൽ 13 പോയിന്‍റുള്ള ജംഷെഡ്‌പൂർ ലീഗിൽ നാലാം സ്ഥാനത്താണ്

പനാജി: ഐഎസ്എല്ലിൽ (ISL 2021-22) ഇന്നത്ത രണ്ടാമത്തെ മത്സരത്തിൽ ജംഷെഡ്‌പൂർ എഫ്‌സി (Jamshedpur), ചെന്നൈയിൻ എഫ്‌സിയെ (Chennaiyin Fc) നേരിടും. ഗോവയിൽ രാത്രി ഒൻപതരയ്ക്കാണ് കളി തുടങ്ങുക. എട്ട് കളിയിൽ 13 പോയിന്‍റുള്ള ജംഷെഡ്‌പൂർ ലീഗിൽ നാലാം സ്ഥാനത്താണ്. 11 പോയിന്‍റുള്ള ചെന്നൈയിൻ ആറാം സ്ഥാനത്തും.

ബ്ലാസ്റ്റേഴ്‌സും കളത്തിലേക്ക്

വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന കളിയിൽ എഫ്‌സി ഗോവയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. തോൽവിയറിയാതെ ഏഴ് മത്സരങ്ങളുമായെത്തുന്ന ബ്ലാസ്റ്റേഴ്‌സും തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം തിരിച്ചുവരുന്ന ഗോവയുമാണ് മുഖാമുഖം വരുന്നത്. പുതുവർഷത്തിൽ ഐഎസ്എല്ലിലെ ആദ്യ ജയം തന്നെയാകും ഇരുവരുടെയും ലക്ഷ്യം. എടികെ മോഹൻ ബഗാനോട് തോറ്റാണ് ഗോവ 2021 അവസാനിപ്പിച്ചതെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്‌പൂരിനോട് സമനില വഴങ്ങി. 

ഐഎസ്എൽ ചരിത്രത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വ്യക്തമായ ആധിപത്യമുണ്ട് ആതിഥേയർക്ക്. 14 മത്സരങ്ങളിൽ ഒന്‍പത് ജയവും ഗോവയ്‌ക്ക് ഒപ്പമായിരുന്നു. ബ്ലാസ്റ്റേഴ്‌സ് മൂന്ന് ജയം സ്വന്തമാക്കിയപ്പോൾ രണ്ട് കളി സമനിലയിലായി. 34 ഗോളുകൾ ഗോവ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് അടിച്ചത് 17 ഗോൾ മാത്രമെന്നതും കണക്കുകളിലെ വ്യത്യാസം അടിവരയിടുന്നു.

പരിശീലകന്‍റെ വാക്കുകള്‍

കരുത്തരെ വീഴ്ത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതുവർഷത്തിലേക്ക് കടന്നത്. ഈ മികവ് വരും മത്സരങ്ങളിലും ആവർത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമെന്നാണ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ പ്രതീക്ഷ. ഓരോ മത്സരവും ഫൈനലായി കണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നതെന്ന് വുകോമനോവിച്ച് വ്യക്തമാക്കി. മിഡ്‌സീസൺ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങൾ ടീമിലെത്താൻ സാധ്യതയില്ലെന്നും ബ്ലാസ്റ്റേഴ്‌‌സ് കോച്ച് പറഞ്ഞു.

Kerala Blasters : പുതുവർഷാഘോഷത്തിന് മഞ്ഞപ്പട; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തില്‍