ഐഎസ്എല്ലില്‍ 10 മത്സരങ്ങളിലാണ് ജംഷഡ്‌പൂര്‍ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും നേര്‍ക്കുനേര്‍ വന്നത്
മഡ്‌ഗാവ്: ഐഎസ്എല്‍ (ISL 2021-22) സീസണില്‍ ലീഗ് ഘട്ടത്തില്‍ 34 പോയിന്‍റുമായി വിസ്‌മയ കുതിപ്പ് കാഴ്‌ചവെച്ചെങ്കിലും സെമി ഫൈനല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) കടുപ്പമാകും എന്നാണ് വിലയിരുത്തല്‍. സീസണിലെ ഇരുപതില്‍ 13 മത്സരങ്ങളും ജയിച്ച് 43 പോയിന്‍റുമായി ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്‌പൂര്‍ എഫ്‌സിയാണ് (Jamshedpur FC) മഞ്ഞപ്പടയുടെ എതിരാളികള്‍. കരുത്തരുടെ ആദ്യപാദ സെമി (JFC vs KBFC) ഇന്ന് നടക്കാനിരിക്കേ ടീമുകളുടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ ചരിത്രം പരിശോധിക്കാം.
ഐഎസ്എല്ലില്‍ 10 മത്സരങ്ങളിലാണ് മുമ്പ് ജംഷഡ്‌പൂര്‍ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരം ജയിച്ചപ്പോള്‍ മൂന്ന് കളികളില്‍ പുഞ്ചിരി ജംഷഡ്‌പൂരിനൊപ്പം നിന്നു. ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു എന്നതാണ് ശ്രദ്ധേയം. ഈ സീസണിലാവട്ടെ നേര്‍ക്കുനേര്‍ വന്നപ്പോഴും ജംഷഡ്‌പൂരിന് മേധാവിത്വമുണ്ട്. ആദ്യമത്സരം 1-1ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റു.
ഗോവയില്‍ വൈകീട്ട് ഏഴരയ്ക്കാണ് ജംഷഡ്‌പൂര്‍ എഫ്‌സി- കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യപാദ സെമിക്ക് കിക്കോഫാവുക. നിരാശാജനകമായ സീസണുകള്‍ക്ക് ശേഷം ഇത്തവണ ഇവാന്‍ വുകോമനോവിച്ച് എന്ന പുതിയ പരിശീലകന് കീഴിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് മിന്നുന്ന പ്രകടനങ്ങളോടെയാണ് സെമിയിലെത്തിയത്. കൊവിഡ് മൂലം മത്സരങ്ങളെല്ലാം ഗോവയിലായതിനാല്‍ ഇരുപാദങ്ങളിലായി നടക്കുന്ന സെമി പോരാട്ടത്തിന് ഗോവ മാത്രമാണ് വേദി. ബ്ലാസ്റ്റേഴ്സ് നിരയില്‍ കളിക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല എന്നത് സെമിക്ക് മുമ്പ് ആശ്വാസമാണ്.
ഈ സീസണില്‍ ആരാധകര്‍ക്ക് മുമ്പില്‍ ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയാഞ്ഞത് വലിയ നിരാശയാണെന്നും അടുത്ത സീസണില്‍ അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും മത്സരത്തലേന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. 'കരുത്തരായ ജംഷഡ്‌പൂരിനെതിരെ പ്ലേ ഓഫ് കളിക്കുന്നതിന്‍റെ സമ്മര്‍ദമില്ല. മികച്ച ടീമുകളോട് കളിക്കുമ്പോള്‍ ചെറിയ പിഴവിന് പോലും വലിയ വില കൊടുക്കേണ്ടിവരും. അതിനാല്‍ കരുതലോടെ ഇറങ്ങുമെന്നും' വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു.
ISL 2021-22 : ജംഷഡ്‌പൂരിനെ മഞ്ഞക്കടലില്‍ താഴ്‌ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ്; ആദ്യപാദ സെമി ഇന്ന്
