സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പതിനാലാം റൗണ്ട് പോരാട്ടത്തിനിറങ്ങുമ്പോള്‍ മുന്‍ കണക്കുകള്‍ അറിയാം

പനാജി: ഐഎസ്എല്ലിൽ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സും (Kerala Blasters) ജംഷെഡ്‌പൂരും (Jamshedpur FC) നേർക്കുനേർ വരുന്ന പത്താമത്തെ മത്സരമാണിന്ന്. ഒൻപത് കളിയിൽ ആറും സമനിലയിൽ പിരിഞ്ഞു എന്നതാണ് ഇരു ക്ലബുകളും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിന്‍റെ ചരിത്രം. ജംഷെഡ്‌പൂർ (JFC) രണ്ടിലും ബ്ലാസ്റ്റേഴ്‌സ് (KBFC) ഒരു കളിയിലും ജയിച്ചു. കഴിഞ്ഞ സീസണിലായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ഏക ജയം. നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ജംഷെഡ്‌പൂർ പതിമൂന്നും ബ്ലാസ്റ്റേഴ്‌സ് പന്ത്രണ്ടും ഗോൾ നേടിയിട്ടുണ്ട്. 

സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് പതിനാലാം റൗണ്ട് പോരാട്ടത്തിനിറങ്ങും. ജംഷെഡ്‌പൂർ എഫ്‌സിയാണ് എതിരാളികൾ. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. 13 കളിയിൽ 23 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് എങ്കില്‍ 22 പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണിപ്പോൾ ജംഷെഡ്‌പൂര്‍ എഫ്‌സി. ലീഡുയർത്തി പ്ലേ ഓഫ് ഉറപ്പിക്കുകയാണ് ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. 

അൽവാരോ വാസ്ക്വേസ്, അഡ്രിയൻ ലൂണ, ഹോർജെ പെരേര ഡിയാസ് ത്രയത്തിന്‍റെ മികവുതന്നെയാവും ജംഷെഡ്‌പൂരിനെതിരെയും നിർണായകമാവുക. എതിരാളികളുടെ കരുത്തും ദൗർബല്യവും മനസിലാക്കിയുള്ള വുകോമനോവിച്ചിന്റെ തന്ത്രങ്ങളിലേക്കാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം ജംഷെഡ്‌പൂരിന്‍റെ മലയാളി ഗോൾകീപ്പർ ടി പി രഹനേഷായിരിക്കും ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന വെല്ലുവിളി.

Scroll to load tweet…

ISL 2021-22 : ഒരു ജയമകലെ ഇരട്ട റെക്കോര്‍ഡുകള്‍; മഞ്ഞപ്പടയെ ത്രസിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്