മുന്നേറ്റനിരയില്‍ ആല്‍വാരോ വാസ്ക്വസും ഹോര്‍ജെ പെരേര ഡയസും കളിക്കുമ്പോള്‍ അഡ്രിയാന്‍ ലൂണ, പ്യൂട്ടിയ, ആയുഷ് അധികാരി, നിഷുകുമാര്‍, സന്ദീപ്, ഹോര്‍മിപാം, ലെസ്കോവിച്ച്, ഖബ്ര, ഗില്‍ എന്നിവരാണ് ആദ്യ ഇളവനിലുള്ളത്.
തിലക് മൈദാന്‍: ഐഎസ്എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ(Jamshedpur FC) നേരിടാനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സ് ഇലവനായി. ആദ്യപാദ സെമി കളിച്ച ടീമില്‍ മാറ്റങ്ങളോടെയാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. പരിക്കുമാറി നിഷുകുമാര്‍ തിരിച്ചെത്തിയപ്പോള്‍ സന്ദീപും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. അതേസമയം, ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോള്‍ നേടിയ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആദ്യഇലവനിലോ പകരക്കാരുടെ ലിസ്റ്റിലോ ഇല്ലെന്നത് അത്ഭുതമായി. സഹലിന് പരിക്കാണോ എന്നത് സംബന്ധിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല.
മുന്നേറ്റനിരയില്‍ ആല്‍വാരോ വാസ്ക്വസും ഹോര്‍ജെ പെരേര ഡയസും കളിക്കുമ്പോള്‍ അഡ്രിയാന്‍ ലൂണ, പ്യൂട്ടിയ, ആയുഷ് അധികാരി, നിഷുകുമാര്‍, സന്ദീപ്, ഹോര്‍മിപാം, ലെസ്കോവിച്ച്, ഖബ്ര, ഗില്‍ എന്നിവരാണ് ആദ്യ ഇളവനിലുള്ളത്. സഹല്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന കാര്യത്തില്‍ ടീമിന്‍റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ (Alvaro Vazquez) അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് (Sahal Abdul Samad) നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്‌സ് 1-0ന് ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ജംഷഡ്‌പൂരിനെ സമനിലയില്‍ തളച്ചാലും ബ്ലാസ്റ്റേഴ്സിന് ഫൈനലിലേക്ക് മുന്നേറാനാവും.
ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്‌പൂര്‍ കരുത്തരെങ്കിലും ഇന്നത്തെ രണ്ടാംപാദ സെമിയില്‍ ബ്ലാസ്റ്റേഴ്സിന് തന്നെയാണ് മേൽക്കൈ. അൽവാരോ വാസ്ക്വേസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ്- ഏത് പ്രതിരോധക്കോട്ടയും പൊളിക്കാനുള്ള കരുത്തുണ്ട് ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റത്തിന്.
ലെസ്കോവിച്ചും ഖബ്രയും ഹോർമിപാമും ചേർന്നുള്ള പ്രതിരോധവും ഭദ്രം. മഞ്ഞപ്പടയുടെ മാസ്റ്റർ ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ കൂടിയാകുമ്പോൾ ജംഷഡ്പൂരിന് കാര്യങ്ങൾ എളുപ്പമാകില്ല. നേരത്തെ രണ്ട് തവണ സെമിയിലെത്തിയപ്പോഴും തോറ്റിട്ടില്ലെന്ന ചരിത്രവും ബ്ലാസ്റ്റേഴ്സിന് കരുത്താകും.
മറുവശത്ത് ആദ്യ ഫൈനലാണ് ജംഷഡ്പൂരിന്‍റെ ലക്ഷ്യം. ഋതിക് ദാസ്, ഡാനിയേൽ ചീമ, ഗ്രെഗ് സ്റ്റുവർട്ട് തുടങ്ങി കളി വരുതിയിലാക്കാൻ കരുത്തുള്ള താരങ്ങളുണ്ട് ജംഷഡ്പൂർ നിരയിൽ. വല കാക്കാൻ മലയാളി താരം ടി പി രഹനേഷുണ്ട്. കലാശപ്പോരിന് ഗാലറിയിൽ മഞ്ഞക്കടൽ തീർക്കാൻ കാത്തിരിക്കുന്ന ആരാധകരെ ബ്ലാസ്റ്റേഴ്സ് നിരാശരാക്കില്ലെന്ന് കരുതാം.
