8 പോയിന്‍റുമായി പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനും കഴിഞ്ഞ 5 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഉള്ളത്

പനാജി: ഐഎസ്എല്ലിൽ (ISL 2021-22) വിജയവഴിയിൽ തിരിച്ചെത്താൻ ഇന്ന് ജംഷഡ്‌പൂർ എഫ്സിയും (Jamshedpur Fc) നോർത്ത് ഈസ്റ്റ് യുണൈറ്റഡും (NorthEast United Fc) ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. 9 കളിയിൽ 13 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ജംഷഡ്‌പൂർ എഫ്‌സി. കഴിഞ്ഞ 5 കളിയിൽ ജംഷഡ്‌പൂരിന് ഒരു മത്സരത്തിൽ മാത്രമാണ് ജയിക്കാനായത്. 8 പോയിന്‍റുമായി പത്താം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനും കഴിഞ്ഞ 5 മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ഉള്ളത്.

ഐഎസ്എല്ലിൽ ഇന്നലെ നടന്ന എടികെ മോഹൻ ബഗാൻ-ഹൈദരാബാദ് എഫ്‌സി മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും രണ്ട് ഗോൾ വീതം നേടി. ഇഞ്ചുറിടൈമിൽ ജാവിയർ സിവേറിയോ നേടിയ ഗോളിലൂടെയാണ് ഹൈദരാബാദ് സമനില നേടിയത്. ഇതോടെ മുംബൈ സിറ്റിയെ മറികടന്ന് ഹൈദരാബാദ് ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. പന്ത്രണ്ടാം സെക്കൻഡിൽ ഡേവിഡ് വില്യംസിന്‍റെ ഗോളിലൂടെ എടികെ ബഗാൻ മുന്നിലെത്തിയിരുന്നു.

പതിനെട്ടാം മിനിറ്റിൽ ബാർത്തലോമിയോ ഒഗ്ബചേയിലൂടെ ഹൈദരാബാദ് സമനില പിടിച്ചു. അറുപത്തിനാലാം മിനിറ്റിൽ ആശിഷ് റായിയുടെ സെൽഫ് ഗോളിലൂടെ കൊൽക്കത്ത വീണ്ടും മുന്നിൽ. കൊൽക്കത്ത ജയം ഉറപ്പിച്ചിരിക്കെ ഇഞ്ചുറിടൈമിൽ സിവേറിയോ ഹൈദരാബാദിനെ തോൽവിയിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ഒൻപത് കളിയിൽ മുംബൈയ്ക്കും ഹൈദരാബാദിനും 16 പോയിന്‍റ് വീതമാണുള്ളത്. ഗോൾ ശരാശരിയിലാണ് ഹൈദരബാദ്, മുംബൈയെ മറികടന്ന് ഒന്നാമതെത്തിയത്. 

15 പോയിന്‍റുമായി എടികെ ബഗാൻ മൂന്നാം സ്ഥാനത്തേക്കുയർന്നപ്പോൾ 14 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണു. 

ISL 2021-22 : 12 സെക്കന്‍ഡ്! ഐഎസ്എൽ ചരിത്രത്തിലെ വേഗമേറിയ ഗോളുമായി ഡേവിഡ് വില്യംസ്