ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ ആദ്യപാദ സെമിക്ക് ഹോം ഗ്രൗണ്ടിന് പുറത്ത് ഫാന്‍ പാര്‍ക്ക് ക്ലബ് ഒരുക്കിയപ്പോള്‍ കലൂര്‍ മഞ്ഞക്കടലായി
കൊച്ചി: ആര്‍ത്തിരമ്പുന്ന മഞ്ഞക്കടല്‍ പോലെ ഗാലറി. ഓരോ സെക്കന്‍ഡിലും ബ്ലാസ്റ്റേഴ്‌സ്, ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) എന്ന ആര്‍പ്പുവിളി മാത്രം മുഴങ്ങിക്കേള്‍ക്കുന്ന മൈതാനം. ഐഎസ്എല്ലില്‍ (ISL 2021-22) ഹോം ഗ്രൗണ്ടിന്‍റെ ഈ വലിയ ആവേശം കൊവിഡ് കവര്‍ന്നതിന്‍റെ വലിയ നിരാശയുണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് (Manjappada). ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിസ്‌മയക്കുതിപ്പ് തുടരുന്ന സീസണില്‍ ഗാലറിയില്‍ മഞ്ഞപ്പടയില്ലാത്തത് നിരാശ നല്‍കുന്നതായി പരിശീലകന്‍ തന്നെ തുറന്നുപറഞ്ഞതാണ്. ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ ആദ്യപാദ സെമിക്ക് ഹോം ഗ്രൗണ്ടിന് പുറത്ത് ഫാന്‍ പാര്‍ക്ക് ക്ലബ് ഒരുക്കിയപ്പോള്‍ കലൂര്‍ വീണ്ടുമൊരിക്കല്‍ക്കൂടി മഞ്ഞക്കടലായി.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കാത്തിരുന്ന നിമിഷമായിരുന്നു. ഹോം ഗ്രൗണ്ടിന്‍റെ ആവേശം കൊവിഡ് കവര്‍ന്നപ്പോള്‍ ഇതുപോലൊന്ന് കൂടാനായി കാത്തിരിക്കുകയായിരുന്നു മഞ്ഞപ്പട ആരാധകര്‍. നിരാശ മറച്ചുവെക്കാതിരുന്ന ക്ലബ് തന്നെ സ്റ്റേഡിയത്തിന് പുറത്ത് വമ്പന്‍ സ്ക്രീനില്‍ ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാനുള്ള അവസരമൊരുക്കി. സഹല്‍ അബ്‌ദുല്‍ സമദിന്‍റെ ക്ലാസിക് ഗോളില്‍ ജംഷഡ്‌പൂരിനെ ബ്ലാസ്റ്റേഴ്‌സ് മലര്‍ത്തിയടിച്ചപ്പോള്‍ ആഘോഷിക്കാന്‍ മഞ്ഞപ്പട ആരാധകര്‍ക്ക് ഒരു രാത്രി കലൂരില്‍ തികയാതെ വന്നു. ബ്ലാസ്റ്റേഴ്‌സിന്‍റെ പഴയ സീസണുകള്‍ ഓര്‍മ്മിപ്പിച്ച് എറണാകുളത്തിന് പുറത്ത് മറ്റ് ജില്ലകളില്‍ നിന്ന് വരെ ആരാധകര്‍ കലൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ക്ലബിനും ആരാധകര്‍ക്കും ഒരുപോലെ സന്തോഷം നല്‍കിയ നിമിഷങ്ങള്‍.
ആവേശമായി, ആഘോഷമായി സഹല്‍
മത്സരത്തിന് കിക്കോഫായി 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ ജംഷഡ്‌പൂര്‍ പ്രതിരോധത്തെയും ഗോളി ടിപി രഹ്‌നേഷിനെയും കാഴ്‌ച്ചക്കാരനാക്കി തലയ്‌ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്‌ത് വലയിലാക്കുകയായിരുന്നു സഹല്‍ അബ്‌ദുല്‍ സമദ്. സഹലിന്‍റെ ഈ ഒറ്റ ഗോളിലാണ് കരുത്തായ ജംഷഡ്‌പൂരിനെ 0-1ന് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഈ ഗോളോടെ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ ഒരു നാഴികക്കല്ല് സ്വന്തമാക്കുകയും ചെയ്‌തു സഹല്‍ അബ്‌ദുല്‍ സമദ്. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമായി സഹല്‍ മാറി. 13 ഗോളുമായി മുന്‍ സൂപ്പര്‍താരം ഇയാൻ ഹ്യൂമിനൊപ്പമാണ് സഹൽ മൂന്നാം സ്ഥാനത്തുള്ളത്. 16 ഗോൾ നേടിയ ബെര്‍ത്തലോമ്യു ഒഗ്ബചേയും 14 ഗോൾ നേടിയ മലയാളി താരം സി കെ വിനീതുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
സീസണിലെ രണ്ട് മുന്‍ മത്സരങ്ങളിലും നിരാശ തന്ന ജംഷഡ്‌പൂരിന് തിരിച്ചടി നല്‍കാന്‍ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിനായി. ലീഗ് ഘട്ടത്തിലെ ആദ്യമത്സരം 1-1ന് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാമങ്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന് ജംഷഡ്‌പൂരിനോട് തോറ്റിരുന്നു. ഇന്നലത്തെ ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് മാനസിക ആധിപത്യമായി. ചൊവ്വാഴ്‌ചത്തെ രണ്ടാംപാദ സെമിയിൽ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് മൂന്നാം ഫൈനൽ ഉറപ്പിക്കാം. ആദ്യ കിരീടത്തിനായി പൊരുതുന്ന ബ്ലാസ്റ്റേഴ്സ് 2014ലും 2016ലും ഫൈനലിൽ എത്തിയിരുന്നു.
