ജംഷഡ്‌പൂരിനെതിരെ സമനില നേടിയാൽ ഫൈനലിലേക്ക് മുന്നേറാമെങ്കിലും ഓരോ കളിയും ജയിക്കണമെന്നാണ് താരങ്ങൾക്ക് ഇവാൻ വുകോമനോവിച്ചിന്‍റെ ഉപദേശം
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരായ (Jamshedpur FC) രണ്ടാംപാദ സെമിക്ക് മുമ്പ് നയം വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) പരിശീലകന്‍ ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic). ആദ്യപാദം ജയിച്ചെങ്കിലും സമനിലയ്ക്ക് വേണ്ടിയല്ല മത്സരിക്കുകയെന്ന് വുകോമനോവിച്ച് മത്സരത്തിന് മുന്നോടിയായി പറഞ്ഞു. ഫൈനലിൽ ബ്ലാസ്റ്റേഴ്സ് (KBFC) ആരാധകർക്ക് മുന്നിൽ മത്സരിക്കാൻ കാത്തിരിക്കുകയാണെന്നും കോച്ച് വ്യക്തമാക്കി.
ജംഷഡ്‌പൂരിനെതിരെ സമനില നേടിയാൽ ഫൈനലിലേക്ക് മുന്നേറാമെങ്കിലും ഓരോ കളിയും ജയിക്കണമെന്നാണ് താരങ്ങൾക്ക് ഇവാൻ വുകോമനോവിച്ചിന്‍റെ ഉപദേശം. 'അലസത ആദ്യപാദത്തിലെ ആനുകൂല്യം ഇല്ലാതാക്കും. കരുത്തരായ ജംഷഡ്‌പൂരിനെ വിലകുറച്ച് കാണുന്നില്ല. ആദ്യ നാലിലെത്തുമെന്ന് പോലും ആരും പ്രവചിക്കാത്ത നിലയിൽ നിന്ന് ടീമിന് മുന്നേറാനായി. പ്രധാനതാരങ്ങൾക്ക് ആർക്കും പരിക്കില്ല. ആരാധകരുടെ ആവേശം കരുത്താണ്' എന്നും വുകോമനോവിച്ച് പറഞ്ഞു. അതേസമയം ആദ്യപാദത്തിൽ തോറ്റെങ്കിലും ഫൈനലിലേക്കെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജംഷഡ്‌പൂര്‍ എഫ്‌സി പരിശീലകൻ ഓവൻ കോയിൽ പ്രതികരിച്ചു.
റഫറീയിങ്ങിന് വിമര്‍ശനം
റഫറീയിങ്ങിലെ പിഴവുകൾക്കെതിരെയും ബയോ-ബബിളിൽ രണ്ട് സെമിഫൈനൽ മത്സരം നടത്തുന്ന ഫോർമാറ്റിനെതിരേയും ഇവാന്‍ വുകോമനോവിച്ച് വിമർശനം ആവർത്തിച്ചു എന്നത് ശ്രദ്ധേയമാണ്. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ ഉള്‍പ്പടെ നിരവധി മത്സരങ്ങള്‍ റഫറീയിങ് പിഴവിന്‍റെ പേരില്‍ കനത്ത വിമര്‍ശനം നേരിട്ടിരുന്നു.
ഐഎസ്എല്‍ സീസണില്‍ രണ്ടാംപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂര്‍ എഫ്‌സിയും ഇന്ന് മുഖാമുഖം വരും. ഗോവയില്‍ രാത്രി 7.30നാണ് മത്സരത്തിന് കിക്കോഫാവുക. ആദ്യപാദ സെമിയില്‍ 0-1ന് വിജയിച്ചതിന്‍റെ മേല്‍ക്കൈ ബ്ലാസ്റ്റേഴ്‌സിനുണ്ട്. 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദിന്‍റെ വകയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ വിജയഗോള്‍. ആറ് വര്‍ഷത്തിന് ശേഷം ഫൈനല്‍ കളിക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലക്ഷ്യം.
ISL 2021-22 : ജംഷഡ്‌പൂര്‍ ഭയക്കണം! ഗോളടിയില്‍ ആറാടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്
