ഐഎസ്എല്ലിലെ ഒറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ ഗോൾ നേടിയതും ഇത്തവണയാണ്
വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) കേരള ബ്ലാസ്റ്റേഴ്‌സും (Kerala Blasters) ജംഷഡ്‌പൂര്‍ എഫ്‌സിയും (Jamshedpur FC) ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്‍റെ (KBFC) ഗോളടി മികവ് ശ്രദ്ധേയം. കഴിഞ്ഞ 21 കളിയിൽ 35 ഗോളാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. പത്ത് വ്യത്യസ്ത താരങ്ങളാണ് ഈ ഗോൾ നേടിയിരിക്കുന്നത് എന്നതാണ് പ്രധാന സവിശേഷത. ഈ കണക്കുതന്നെയാണ് ജംഷഡ്‌പൂരിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നതും.
ഗോളടി റെക്കോര്‍ഡ്
ഐഎസ്എല്ലിലെ ഒറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ ഗോൾ നേടിയത് ഇത്തവണയാണ്. ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. ഹോർഗെ പേരേര ഡിയാസ്- 19 കളിയിൽ 8 ഗോൾ, അൽവാരോ വാസ്ക്വേസ്- 21 കളിയിൽ 8 ഗോൾ, സഹൽ അബ്ദുൽ സമദ്- 21 കളിയിൽ 6 ഗോൾ, അഡ്രിയൻ ലൂണ- 21 കളിയിൽ 5 ഗോൾ, വിൻസി ബരേറ്റോ- 15 കളിയിൽ 2 ഗോൾ, നിഷുകുമാർ, എന്നെസ് സിപോവിച്ച്, കെ പ്രശാന്ത്, ഹർമൻജോത് ഖബ്ര, ജീക്സൺ സിംഗ് എന്നിവര്‍ ഓരോ ഗോൾ വീതവും നേടി.
സീസണില്‍ ഫൈനൽ ഉന്നമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും ജംഷഡ്‌പൂര്‍ എഫ്‌സിയും രണ്ടാംപാദ സെമിയിൽ ഇന്നേറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. ആദ്യപാദ സെമിയില്‍ 38-ാം മിനുറ്റില്‍ അൽവാരോ വാസ്‌ക്വേസിന്‍റെ അസിസ്റ്റില്‍ സഹല്‍ അബ്‌ദുല്‍ സമദ് ഗോള്‍ നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് 0-1ന് വിജയിച്ചിരുന്നു. ഈ പ്രതീക്ഷയോടെയാണ് മഞ്ഞപ്പട കളത്തിലെത്തുന്നത്. ആറ് വർഷത്തിന് ശേഷം കലാശപ്പോരിലേക്കെത്താനാണ് മഞ്ഞപ്പടയൊരുങ്ങുന്നത്.
അൽവാരോ വാസ്ക്വേസ്, അഡ്രിയാൻ ലൂണ, ഹോർഗെ പെരേര ഡിയാസ്, സഹൽ അബ്ദുൾ സമദ്- എന്നിങ്ങനെ ഏത് പ്രതിരോധക്കോട്ടയും പൊളിക്കാന്‍ കരുത്തുള്ള താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ശക്തി. ഇവര്‍ക്കൊപ്പം ലെസ്കോവിച്ചും ഖാബ്രയും ഹോർമിപാമും ചേർന്നുള്ള പ്രതിരോധവും ഭദ്രം. കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങൾ കൂടിച്ചേരുമ്പോള്‍ ഏത് എതിരാളിയും വിറയ്‌ക്കും ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍. മറുവശത്ത് ആദ്യ ഫൈനലാണ് ലീഗ് ഘട്ടത്തില്‍ വിസ്‌മയ കുതിപ്പുമായി വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ജംഷഡ്പൂരിന്‍റെ ലക്ഷ്യം.
