സീസണിന്‍റെ തുടക്കത്തിൽ എല്ലാവരും എഴുതിത്തള്ളിയ ടീമിനെയാണ് ഇവാൻ വുകോമനോവിച്ച് ഫൈനലിൽ എത്തിച്ചിരിക്കുന്നത്

വാസ്‌കോ ഡ ഗാമ: പ്രതിസന്ധി ഘട്ടത്തിലും തളരാതെ പൊരുതിയതിന്‍റെ ഫലമാണ് ഐഎസ്എല്‍ (ISL 2021-22) ഫൈനൽ പ്രവേശമെന്ന് കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) കോച്ച് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic). ഫൈനലിനായി നന്നായി ഒരുങ്ങുമെന്നും വുകോമനോവിച്ച് പറഞ്ഞു.

പ്രശംസ താരങ്ങള്‍ക്ക്

സീസണിന്‍റെ തുടക്കത്തിൽ എല്ലാവരും എഴുതിത്തള്ളിയ ടീമിനെയാണ് ഇവാൻ വുകോമനോവിച്ച് ഫൈനലിൽ എത്തിച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ തന്നെ സന്തോഷത്തിന് അതിരുകളില്ല. ഫൈനൽ കാണാൻ വരുമെന്ന ആരാധകരുടെ സന്ദേശം ഇരട്ടി ആവേശമായതായി പരിശീലകന്‍ പറയുന്നു. ഫൈനൽപ്രവേശത്തിന്‍റെ മുഴുവൻ ക്രെഡിറ്റും താരങ്ങൾക്കെന്നും വുകോമനോവിച്ച് വ്യക്തമാക്കി.

ഐഎസ്എല്ലിൽ ഗ്രൂപ്പ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷഡ്‌പൂര്‍ എഫ്‌സിയെ തോല്‍പിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ ജംഷഡ്‌പൂരിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ഫൈനലിൽ ഞായറാഴ്ച എടികെ മോഹന്‍ ബഗാന്‍- ഹൈദരാബാദ് എഫ്‌സി രണ്ടാം സെമി വിജയികളെ നേരിടും. 2016ന് ശേഷം ആദ്യമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്.

Scroll to load tweet…

തിലക് മൈതാനിയിലെ രണ്ടാംപാദത്തില്‍ ഇരുവരും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്‍റെ ജയം ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചു. ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-1. രണ്ടാംപാദത്തില്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍ നേടിയത്. പ്രണോയ് ഹാള്‍ഡര്‍ ജംഷഡ്പൂരിനായി ഗോള്‍ മടക്കി. ആദ്യപകുതിയില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദായിരുന്നു മഞ്ഞപ്പടയുടെ ഗോള്‍ സ്‌കോറര്‍. 

മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിനെത്തുന്നത്. 2014ല്‍ പ്രഥമ സീസണില്‍ തന്നെ ടീം ഫൈനലിലെത്തി. എന്നാല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് (എടികെ മോഹന്‍ ബഗാന്‍) തോറ്റു. 2016ലായിരുന്നു അടുത്ത ഫൈനല്‍ പ്രവേശനം. അത്തവണയും കൊല്‍ക്കത്തകാര്‍ക്ക് മുന്നില്‍ വീണു. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി. 

ISL 2021-22 : കീഴടങ്ങില്ല! വീണ്ടും ജംഷഡ്പൂരിന്റെ വെല്ലുവിളി മറികടന്നു; കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍