സഞ്ജീവ് സ്റ്റാലിൻ, ബിജോയ് വർഗീസ്, സിപോവിച്ച്, സന്ദീപ് സിംഗ് എന്നിവര്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിലെത്തി. അൽവാരോ വാസ്ക്വേസിനൊപ്പം ഹോർജെ പെരേര ഡിയാസ് മുന്നേറ്റത്തിൽ തിരിച്ചത്തി

ബംബോലിം: ഐ എസ് എല്ലിൽ(ISL 2021-22) വിജയവഴിയിൽ തിരിച്ചെത്താൻ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ നാലു മാറ്റങ്ങള്‍. സസ്പെന്‍ഷനിലായ ലെസ്കോവിച്ചു ഹർമൻജോത് ഖബ്രയും പരിക്കേറ്റ ഹോർമിപാമും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്ല.

സഞ്ജീവ് സ്റ്റാലിൻ, ബിജോയ് വർഗീസ്, സിപോവിച്ച്, സന്ദീപ് സിംഗ് എന്നിവര്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനിലെത്തി. അൽവാരോ വാസ്ക്വേസിനൊപ്പം ഹോർജെ പെരേര ഡിയാസ് മുന്നേറ്റത്തിൽ തിരിച്ചത്തി. ഇതിന് മുമ്പ് ഐഎസ്എല്ലില്‍ മൂന്ന് തവണ ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടിയപ്പോഴും ഫലം 1-1 സമലിയായിരുന്നു.ജംഷെഡ്പൂരിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ താളംതെറ്റിച്ചത് രണ്ട് പെനാൽറ്റിയായിരുന്നു.

Scroll to load tweet…

സീസണിൽ ഏറ്റവും കൂടുതൽ സെറ്റ്പീസ് ഗോൾ വഴങ്ങിയ ടീമാണ് ബ്ലാസ്റ്റേഴ്സ്. ഇതുതന്നെയാണ് ഇന്നത്തെ പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ പ്രധാന ആശങ്ക. കാരണം ഏറ്റവും കൂടുതൽ സെറ്റ് പീസ് ഗോൾ നേടിയ ടീമാണ് ഈസ്റ്റ് ബംഗാൾ. കൊൽക്കത്തൻ ടീം നേടിയ പതിനേഴ് ഗോളിൽ പന്ത്രണ്ടും സെറ്റ്പീസിലൂടെയായിരുന്നു.

ഈസ്റ്റ് ബംഗാളിനെ തോൽപിച്ചാൽ 23 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിലേക്ക് തിരിച്ചെത്താം. 16 കളിയിൽ പത്ത് പോയിന്‍റ് മാത്രമുള്ള ഈസ്റ്റ് ബംഗാളിന് ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാലും പ്ലേ ഓഫിലെത്താൻ കളിയില്ല. ഇതുകൊണ്ടുതന്നെ അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് ഈസ്റ്റ് ബംഗാൾ.