Asianet News MalayalamAsianet News Malayalam

ISL 2021-22: നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയിനെതിരെ ഗോളടിക്കാതെ ബ്ലാസ്റ്റേഴ്സ്, ആദ്യപകുതി ഗോള്‍രഹിതം

ഫ്രീ കിക്ക് എടുത്ത വ്ളാഡിമിര്‍ കോമാന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന്‍റെ കൈയില്‍ തട്ടി ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. പിന്നാലെ ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ ഗോള്‍മുഖം വിറപ്പിച്ചു.

ISL 2021-22 Live Updates, Kerala Blasters vs Chennaiyin FC 1half ends without goal
Author
Panaji, First Published Feb 26, 2022, 8:23 PM IST

ബംബോലിം: ഐഎഎസ്എല്ലില്‍(ISL 2021-22) പ്ലേ ഓഫ് ഉറപ്പിക്കാന്‍ വിജയം അനിവാര്യമായ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ(Kerala Blasters vs Chennaiyin FC) ആദ്യ പകുതിയില്‍ ഗോളടിക്കാതെ കേരളാ ബ്ലാസ്റ്റേഴ്സ്. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ആദ്യ പകുതിയില്‍ ഇരു ടീമും ഗോളടിക്കാതെയാണ് ഇടവേളക്ക് പിരിഞ്ഞത്.

കളിയുടെ തുടക്കത്തിലെ പത്ത് മിനിറ്റില്‍ ചെന്നൈയായിരുന്നു പന്ത് കൂടുതല്‍ സമയവും കൈവശംവെച്ചത്. മധ്യനിരയില്‍ പന്തിനായുള്ള പോരാട്ടത്തില്‍ 4-4-1 ഫോര്‍മാറ്റിലിറങ്ങി അവര്‍ പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കുകയും ചെയ്തു. എന്നാല്‍ മധ്യനിരയില്‍ പന്ത് നേടുന്നതില്‍ ജയിച്ചെങ്കിലും ഗോളിലേക്ക് വഴി തുറക്കാന്‍ അവര്‍ക്കായില്ല. ഇതിനിടെ ലോംഗ് പാസുകളിലൂടെ ചെന്നൈയിന്‍ ഗോള്‍ മുഖത്ത് പന്തെത്തിക്കാനായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം. പതിമൂന്നാം മിനിറ്റില്‍ ബോക്സിന് പുറത്ത് ഹോര്‍മിപാമിന്‍റെ ഫൗളില്‍ ചെന്നൈയിന് ലഭിച്ച ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്സിനെ പിന്നിലാക്കേണ്ടതായിരുന്നു.

ഫ്രീ കിക്ക് എടുത്ത വ്ളാഡിമിര്‍ കോമാന്‍റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിന്‍റെ കൈയില്‍ തട്ടി ക്രോസ് ബാറില്‍ തട്ടി പുറത്തുപോയി. പിന്നാലെ ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ബ്ലാസ്റ്റേഴ്സ് ചെന്നൈയിന്‍ ഗോള്‍മുഖം വിറപ്പിച്ചു. പതിനഞ്ചാം മിനിറ്റില്‍ ബോക്സിനകത്തു നിന്ന് വാസ്ക്വസ് തൊട്ടു ഷോട്ട് ദേവ്‌റാണി ബ്ലോക്ക് ചെയ്തു. 25-ാം മിനിറ്റില്‍ വാസ്ക്വ്സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇത്തവണയും ഫിനിഷ് ചെയ്യാനായില്ല.

ആദ്യ പകുതി തീരുന്നതിന് മുമ്പ് മുന്നിലെത്താന്‍ ബ്ലാസ്റ്റേഴ്സിന് സുവര്‍ണാവസരം ലഭിച്ചു. ആയുഷ് അധികാരിയെ ബോക്കിന് പുറത്ത് അനിരുദ്ധ് ഥാപ്പ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് വാസ്ക്വസ് നല്‍കിയ അളന്നുമുറിച്ച ക്രോസില്‍ തുറന്ന ലഭിച്ച സുവര്‍ണാവസരം ആരു മാര്‍ക്ക് ചെയ്യാതെ നിന്നിരുന്ന ജോര്‍ജെ പെരേര ഡയസ് നഷ്ടമാക്കി. ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയെ ഡയസിനുണ്ടായിരുന്നുള്ളൂവെങ്കിലും ഡയസിന്‍റെ ഷോട്ട് പുറത്തേക്കാണ് പോയത്. ആദ്യ പകുതി തിരുന്നതിന് മുമ്പ് മുന്നിലെത്താന്‍ ചെന്നൈയിനും സുവര്‍ണാവസരം ലഭിച്ചു. 42-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ബോക്സിനകത്ത് ലഭിച്ച ക്രോസില്‍ കാലു വെക്കേണ്ട ആവശ്യമെ ജോബി ജസ്റ്റിനുണ്ടായിരുന്നുള്ളുവെങ്കിലും താരം അവസരം നഷ്ടമാക്കിയത് ബ്ലാസ്റ്റേഴ്സിന് അനുഗ്രഹമായി. 45-ാം മിനിറ്റില്‍ ബ്ലാസ്റ്റേവ്സ് ഗോള്‍ മുഖത്ത് ജോബി വീണ്ടും അപകട ഭീഷണി ഉയര്‍ത്തിയെങ്കിലും ഗോളായില്ല.

ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങിയത്. ഹൈദരാബാദിനെതിരെ കളിക്കാതിരുന്ന ജോര്‍ജെ പെരേര ഡയസും കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി അവസാന നിമിഷം ആശ്വാസ ഗോളടിച്ച വിന്‍സി ബരാറ്റോയും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടി.

നിലവില്‍ 17 മത്സരങ്ങളില്‍ 27 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ അഞ്ചാമതാണ്. 18 കളികളില്‍ 20 പോയന്‍റുള്ള ചെന്നൈയിനിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios