Asianet News MalayalamAsianet News Malayalam

ISL 2021-22: ചെന്നൈയിനെതിരെ രണ്ട് മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ്, സഹല്‍ ആദ്യ ഇലവനിലില്ല

അഡ്രിയാന്‍ ലൂണ നായകനാകുന്ന ടീമില്‍ ആല്‍വാരെ വാസ്‌ക്വസും മുന്നേറ്റനിരയിലുണ്ട്. അതേസയമം കഴിഞ്ഞ മത്സരത്തില്‍ കളിച്ച മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനിലില്ല. ഹൈദരാബാദിനെതിരെ പകരക്കാരനായി ഇറങ്ങിയ മലയാളി താരം കെ പി രാഹുലും ഇന്നും പകരക്കാരുടെ ബെഞ്ചിലാണ്.

 

ISL 2021-22 Live Updates, Kerala Blasters vs Chennaiyin FC
Author
Bambolim, First Published Feb 26, 2022, 6:58 PM IST

ബംബോലിം: ഐഎഎസ്എല്ലില്‍(ISL 2021-22) പ്ലേ ഓഫ് ഉറപ്പിക്കാന്‍ വിജയം അനിവാര്യമായ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെ(Kerala Blasters vs Chennaiyin FC) കേരളാ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. ഹൈദരാബാദിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ഹൈദരാബാദിനെതിരെ കളിക്കാതിരുന്ന ജോര്‍ജെ പെരേര ഡയസും കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി അവസാന നിമിഷം ആശ്വാസ ഗോളടിച്ച വിന്‍സി ബരാറ്റോയും ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഇലവനില്‍ ഇടം നേടി.

അഡ്രിയാന്‍ ലൂണ നായകനാകുന്ന ടീമില്‍ ആല്‍വാരെ വാസ്‌ക്വസും മുന്നേറ്റനിരയിലുണ്ട്. അതേസയമം കഴിഞ്ഞ മത്സരത്തില്‍ കളിച്ച മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ആദ്യ ഇലവനിലില്ല. ഹൈദരാബാദിനെതിരെ പകരക്കാരനായി ഇറങ്ങിയ മലയാളി താരം കെ പി രാഹുലും ഇന്നും പകരക്കാരുടെ ബെഞ്ചിലാണ്.

കഴിഞ്ഞ മത്സരത്തില്‍ ഹൈാദരാബാദിനോടേറ്റ തോല്‍വി ബ്ലാസ്റ്റേഴ്സിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ തോല്‍ക്കാതിരിക്കുന്നതിനൊപ്പം രണ്ട് ജയങ്ങളെങ്കിലും സ്വന്തമാക്കിയാലെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിലെത്താനാവു. പ്ലേ ഓഫ് ബര്‍ത്തിനായി ബ്ലാസ്റ്റേഴ്സുമായി മത്സരിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സി ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗോവയെ നേരിടാനിറങ്ങുന്നുണ്ട് എന്നതും മ‍ഞ്ഞപ്പടയുടെ സമ്മര്‍ദ്ദം കൂട്ടും.

നിലവില്‍ 17 കളികളില്‍ 28 പോയന്‍റുള്ള മുംബൈ സിറ്റി നാലാമതും 17 മത്സരങ്ങളില്‍ 27 പോയന്‍റുള്ള ബ്ലാസ്റ്റേഴ്സ് പോയന്‍റ് പട്ടികയില്‍ അഞ്ചാമതുമണ്.  18 കളികളില്‍ 20 പോയന്‍റുള്ള ചെന്നൈയിനിന്‍റെയും 18 കളികളില്‍ 18 പോയന്‍റുള്ള ഗോവയുടെയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്ത ഗോവയും ചെന്നൈയിനും എങ്ങനെ കളിക്കുന്നു എന്നത് മുംബൈക്കും ബ്ലാസ്റ്റേഴ്സിനും നിര്‍ണായകമാണ്. ഈസ്റ്റ് ബംഗാളിനും ഗോവക്കുമെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അവസാന രണ്ട് മത്സരങ്ങള്‍.

Follow Us:
Download App:
  • android
  • ios