പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സീസണിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധമുള്ള പരിശീലകനാണ് ഇവാന്‍ വുകാമനോവിച്ച്

മഡ്‌ഗാവ്: ഐഎസ്എല്ലില്‍(ISL 2021-22) കഴിഞ്ഞ സീസണിലെ പിഴവുകള്‍ കേരള ബ്ലാസ്റ്റേഴ്‌സ്(Kerala Blasters FC) ആവര്‍ത്തിക്കില്ലെന്ന് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച്(Ivan Vukomanovic). വലിയ അവകാശവാദങ്ങള്‍ക്കില്ലെന്നും വുകാമനോവിച്ച് എട്ടാം സീസണിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സീസണിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുമ്പോള്‍ യാഥാര്‍ത്ഥ്യ ബോധമുള്ള പരിശീലകനാണ് ഇവാന്‍ വുകാമനോവിച്ച്. '27 വര്‍ഷമായി പ്രൊഫഷണൽ ഫുട്ബോളിലുള്ള തനിക്ക് ആരാധകരുടെ പ്രതീക്ഷകള്‍ സമ്മര്‍ദമായല്ല അനുഭവപ്പെടുന്നത്. ആദ്യ മത്സരത്തിലെ എതിരാളികളായ എടികെ മോഹന്‍ ബഗാന്‍റെ ശൈലിയെ കുറിച്ച് ആശങ്കകളില്ല' എന്നും ഇവാന്‍ വുകാമനോവിച്ച് പറഞ്ഞു.

സഹലിന് പ്രശംസ

 'ബ്ലാസ്റ്റേഴ്‌സിനും ദേശീയ ടീമിനും വളരെ പ്രധാനപ്പെട്ട കളിക്കാരനാകാൻ കഴിവുള്ള താരമാണ് സഹൽ. താരത്തിന്‍റെ പുരോഗതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. കഠിനാധ്വാനം ചെയ്യാനും പ്രകടനം മെച്ചപ്പെടുത്താനുമുള്ള അദേഹത്തിന്‍റെ താല്‍പര്യം സന്തോഷം നല്‍കുന്നു. സഹലിനും അഡ്രിയാൻ ലൂണയ്ക്കും ഒന്നിലധികം പൊസിഷനുകളിൽ കളിക്കാനാകും' എന്നുമാണ് വുകാമനോവിച്ച് കൂട്ടിച്ചേര്‍ത്തു. 

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ എടികെ മോഹൻ ബഗാന്‍-കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തോടെ തുടക്കമാകും. രാത്രി 7.30നാണ് മത്സരം. ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖംമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്. 

ISL | ഭൂട്ടാനീസ് റൊണാൾഡോ മുതല്‍ അഡ്രിയാൻ ലൂണ വരെ; കളംവാഴാന്‍ ആറ് പുതിയ വിദേശതാരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്