ടൂർണമെന്‍റിൽ ഏറ്റവുമധികം ഗോൾ നേടിയത് പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള മുംബൈ സിറ്റിയാണ്
മഡ്‌ഗോവ: ഐഎസ്എല്ലിൽ (ISL 2021-22) ഇന്ന് കരുത്തരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി (Mumbai City Fc) മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിയെ (Chennaiyin Fc) നേരിടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. മുംബൈയുടെ ആക്രമണവും ചെന്നൈയിന്‍റെ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കലാകും ഗോവയിൽ.
കരുത്തരാണ് കളത്തില്‍
ടൂർണമെന്‍റിൽ ഏറ്റവുമധികം ഗോൾ നേടിയത് പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള മുംബൈ സിറ്റിയാണ്. അടിച്ചുകൂട്ടിയത് 16 എണ്ണം. ഗോളടിച്ചുകൂട്ടുന്ന ഇഗോർ അംഗൂലോയും നായകൻ മൗർതാഡ ഫാളും അഹമ്മദ് ജാഹോയും കാസീഞ്ഞോയുമെല്ലാം മിന്നും ഫോമിൽ. മുംബൈയ്ക്ക് ജയം ശീലമെങ്കിലും ചെന്നൈയിനെ എഴുതിത്തള്ളാനാവില്ല. സീസണിൽ പരാജയമറിയാത്ത ഒരേയൊരു സംഘമാണ് ചെന്നൈയിൻ. നാല് കളികളിൽ രണ്ട് വീതം ജയവും സമനിലയും ഫലം. ചെന്നൈയിന്‍റെ വല കുലുങ്ങിയത് രണ്ടേരണ്ട് തവണ മാത്രം എന്നതും കണക്കിലെ കരുത്ത്.
പ്രതിരോധത്തിൽ മികവ് പുലർത്തുമ്പോഴും മുന്നേറ്റം അവസരം തുലയ്ക്കുന്നത് ചെന്നൈയിന് വിനയാണ്. പുതിയ നായകൻ അനിരുദ്ധ് ഥാപ്പ മികവിലേക്ക് ഉയരുന്നത് ആശ്വാസം. എന്നാൽ ഒരാഴ്ചയ്ക്കിടെ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വരും ചെന്നൈയിന്. മുംബൈക്ക് പിന്നാലെ ഒഡിഷയും ബ്ലാസ്റ്റേഴ്‌സും എതിരാളികളായെത്തും. ഒരോ കളിയും ടീമിനെ സംബന്ധിച്ച് മുന്നോട്ടുള്ള പോക്കിന് പ്രധാനമാണ്.
സ്റ്റെവാർട്ടിന് ഹാട്രിക്; ജംഷഡ്‌പൂരിന് മിന്നും ജയം
ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തില്‍ ഒഡിഷയ്ക്കെതിരെ ജംഷഡ്‌പൂര്‍ തകർപ്പൻ ജയം സ്വന്തമാക്കി. ഗ്രെഗ് സ്റ്റെവാർട്ടിന്‍റെ ഹാട്രിക് കരുത്തിൽ എതിരില്ലാത്ത നാല് ഗോളിനാണ് ജംഷഡ്‌പൂർ ജയിച്ചത്. 4, 21, 35 മിനുറ്റുകളിലാണ് സ്കോട്ടിഷ് താരം ഗോളുകൾ നേടിയത്. മൂന്നാം മിനുറ്റിൽ പീറ്റർ ഹാർട്ട്‍ലിയാണ് ആദ്യ ഗോൾ നേടിയത്. ജയത്തോടെ 11 പോയിന്‍റുമായി ജംഷഡ്‌പൂർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
ISL : ഐഎസ്എല്‍; ഇന്ത്യൻ ഫുട്ബോളിനെ ആഗോള ഭൂപടത്തിലേക്ക് ഉയർത്തിയ ലീഗ്
