ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള ഹൈരാബാദ് എഫ‌്സി, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളെ പോലെ 20 പോയിന്‍റിലെത്തും മുംബൈ

മഡ്‌ഗാവ്: ഐഎസ്എല്ലില്‍ (ISL 2021-22) ഇന്ന് മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ (Mumbai City vs NorthEast United) നേരിടും. ഗോവയിൽ വൈകിട്ട് 7.30നാണ് മത്സരം. മുംബൈ (MCFC) സീസണിൽ 11ഉം നോര്‍ത്ത് ഈസ്റ്റ് (NEUFC) 13ഉം മത്സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീസണിൽ ആദ്യമായി പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്ക് പുറത്താണ് മുംബൈ സിറ്റി. കഴിഞ്ഞ അഞ്ച് കളിയിൽ ഒന്നില്‍ പോലും നിലവിലെ ചാമ്പ്യന്മാര്‍ക്ക് ജയിക്കാനായിട്ടില്ല. 

എങ്കിലും ഇന്ന് ജയിച്ചാൽ പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള ഹൈരാബാദ് എഫ‌്സി, കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളെ പോലെ 20 പോയിന്‍റിലെത്തും മുംബൈ. 11 കളിയിൽ 17 പോയിന്‍റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഡെസ് ബക്കിംഗ്ഹാമിന്‍റെ സംഘം. കഴിഞ്ഞ അഞ്ച് കളിയിൽ 13 ഗോള്‍ വഴങ്ങിയ പ്രതിരോധനിരയിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം ആവശ്യപ്പെടും ബക്കിംഗ്ഹാം.

എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ കാര്യം ഒട്ടും മെച്ചമല്ല. അവസാന ആറ് കളിയിൽ ഒന്നിലും ജയിച്ചിട്ടില്ല ഹൈലന്‍ഡേഴ്സ്. ഇതില്‍ അഞ്ച് മത്സരത്തിലും ലീഡ് നേടിയ ശേഷം കളി കൈവിട്ടതാണ് ഖാലിദ് ജമിലിനെ നിരാശപ്പെടുത്തുന്നത്. 10 കളിയിൽ 9 പോയിന്‍റ് മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഇന്ന് തോറ്റാല്‍ വീണ്ടും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഇരു ടീമുകളും സീസണിൽ നേരത്തെ നേര്‍ക്കുനേര്‍ വന്ന മത്സരം 3 ഗോള്‍ വീതം നേടിയുളള സമനിലയിൽ ആണ് അവസാനിച്ചത്. 

Scroll to load tweet…

ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരായ ജയത്തോടെയാണ് ഹൈദരാബാദ് എഫ്‌സി ഒന്നാംസ്ഥാനത്തെത്തിയത്. സീസണിലെ 12-ാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത നാല് ഗോളിന് ഹൈദരാബാദ് തകര്‍ക്കുകയായിരുന്നു. ഹാട്രിക്ക് നേടിയ ബര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെ ആണ് ഹൈദരാബാദിന് മികച്ച ജയം സമ്മാനിച്ചത്. 21, 44, 74 മിനുറ്റുകളിലായിരുന്നു ഒഗ്‌ബെച്ചെയുടെ മിന്നും ഗോളുകള്‍. 

ISL 2021-22 : ഒഗ്‌ബെച്ചെയ്‌ക്ക് ഹാട്രിക്; കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ഹൈദരാബാദ് തലപ്പത്ത്