ഒറ്റ ജയം പോലും നേടാനാവാത്ത ഏക ടീമായ ഈസ്റ്റ് ബംഗാൾ അഞ്ച് പോയിന്‍റുമായി ലീഗിൽ അവസാന സ്ഥാനത്താണ്

വാസ്‌കോ ഡ ഗാമ: ഐഎസ്എല്ലിൽ (ISL 2021-22) ആദ്യ ജയം തേടി ഈസ്റ്റ് ബംഗാൾ (SC East Bengal) ഇന്നിറങ്ങും. നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയാണ് (Mumbai City FC) എതിരാളികൾ. വൈകിട്ട് ഏഴരയ്ക്ക് ഗോവയിലാണ് മത്സരം. സീസണിൽ ഒറ്റ ജയം പോലും നേടാനാവാത്ത ഏക ടീമായ ഈസ്റ്റ് ബംഗാൾ അഞ്ച് പോയിന്‍റുമായി ലീഗിൽ അവസാന സ്ഥാനത്താണ്. 16 പോയിന്‍റുള്ള മുംബൈ രണ്ടാം സ്ഥാനത്തും. അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് ഒരു ഗോളിന് ഈസ്റ്റ് ബംഗാള്‍ സമനില വഴങ്ങിയിരുന്നു. 

അടിമുടി നാടകീയത

ഐഎസ്എല്ലിലെ ആവേശപ്പോരാട്ടത്തിൽ ഇന്നലെ ജംഷെംഡ്‌പൂർ എഫ്‌സി നാടകീയ ജയം സ്വന്തമാക്കി. ജംഷംഡ്‌പൂർ രണ്ടിനെതിരെ മൂന്ന് ഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിച്ചു. ഇഞ്ചുറിടൈമിലായിരുന്നു ജംഷെംഡ്‌പൂർ എഫ്‌സിയുടെ വിജയം. 

ഡെഷോൺ ബ്രൗണിലൂടെ നോർത്ത് ഈസ്റ്റ് നാലാം മിനിറ്റിൽ സ്കോറിംഗിന് തുടക്കമിട്ടു. നാൽപ്പത്തിനാലാം മിനിറ്റിൽ ജോർദാൻ മുറേയും അൻപത്തിയാറാം മിനിറ്റിൽ ബോറിസ് സിംഗും ഗോൾ നേടിയതോടെ ജംഷെഡ്‌പൂർ മുന്നിലെത്തി. 90 മിനിറ്റ് പിന്നിടുമ്പോഴും ജംഷെഡ്‌പൂർ ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു. എന്നാല്‍ ഇഞ്ചുറിടൈമിന്‍റെ ഒന്നാം മിനിറ്റിൽ ബ്രൗൺ തന്റെ രണ്ടാം ഗോളിലൂടെ ഹൈലാൻഡേഴ്‌സിനെ ഒപ്പമെത്തിച്ചു. 

വീണ്ടും ഇഷാൻ പണ്ഡിത!

അവിടംകൊണ്ട് നാടകീയത അവസാനിച്ചില്ല. രണ്ട് മിനിറ്റിനകം വിജയഗോളിലുടെ ഇഷാൻ പണ്ഡിത ജംഷെഡ്‌പൂരിന്‍റെ രക്ഷകനായി. നാലാം ജയത്തോടെ പതിനാറ് പോയിന്‍റുമായി ജംഷെഡ്‌പൂർ മൂന്നാം സ്ഥാനത്തേക്കുയർന്നു. എട്ട് പോയിന്‍റുള്ള നോർത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്. ജംഷെഡ്‌പൂരിന്‍റെ ജയത്തോടെ 14 പോയിന്‍റുള്ള കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തായി.

ISL 2021-2022: ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍, നോര്‍ത്ത് ഈസ്റ്റിനെതിരെ നാടകീയ ജയവുമായി ജംഷഡ്പൂര്‍ മൂന്നാമത്