രണ്ട് തവണ ഐഎസ്എൽ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കിരീടം തട്ടിയെടുത്തിരുന്നു കൊൽക്കത്ത

പനാജി: ഇനി ഇന്ത്യൻ ആരാധക‍ർക്ക് കാൽപ്പന്തുകളിയുടെ മനോഹരകാലം. ഐഎസ്എൽ എട്ടാം സീസണിന് (ISL 2021-22) ഇന്ന് ഗോവയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും(Kerala Blasters) എടികെ മോഹൻ ബഗാനുംATK Mohun Bagan) ഏറ്റുമുട്ടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. ഐഎസ്എല്ലിൽ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖംമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്‍റെ കരുത്തുമായാണ് എടികെ മോഹൻ ബഗാന്‍ വരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് തവണ ഐഎസ്എൽ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കിരീടം തട്ടിയെടുത്തിരുന്നു കൊൽക്കത്ത. പരിചയസമ്പന്നനായ അന്‍റോണിയോ ഹബാസിന്‍റെ ശിക്ഷണത്തിൽ എടികെ ഇറങ്ങുമ്പോൾ പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ചുമതല.

കഴിഞ്ഞ സീസണിൽ ഫൈനലിൽ മുംബൈ സിറ്റിക്ക് മുന്നിൽ വീണ നിരാശ മാറ്റാനാണ് എടികെ ഇറങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്തിന്‍റെ നാണക്കേട് പരിഹരിക്കണം. ആറ് വിദേശതാരങ്ങളുടെ സാന്നിധ്യം ഇത്തവണ ബ്ലാസ്റ്റേഴ്‌സിലുണ്ട്. അഡ്രിയാൻ ലൂണയും മാർകോ ലെസ്കോവിച്ചും അൽവാരോ വാസ്ക്വേസും ഹോർഗെ പെരേര ഡിയാസുമൊക്കെ കളം നിറഞ്ഞാൽ മുൻ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്‌സിന് മറക്കാം.

ഐഎസ്എൽ എട്ടാം സീസണ് നാളെ കിക്കോഫ്; ജയത്തുടക്കത്തിന് കേരള ബ്ലാസ്റ്റേഴ്‌സ്

ട്രാൻസ്‌ഫർ റെക്കോർഡുകൾ തിരുത്തി പുത്തൻ താരങ്ങളെയെത്തിച്ചാണ് പുതിയ സീസണിൽ കൊൽക്കത്ത തുടങ്ങുന്നത്. ഫിജിയൻ താരം റോയ് കൃഷ്ണ, ഫ്രഞ്ച് താരം ഹ്യൂഗോ ബൗമൗസ്, ഫിൻലൻഡിന്‍റെ ജോണി കൗക്കോ, പരിചയസമ്പന്നനായ ടിരിയുമെല്ലാം കൊൽക്കത്ത നിരയുടെ കരുത്ത് കൂട്ടും. നേർക്കുനേർ പോരിൽ നേരിയ മുൻതൂക്കം കൊൽക്കത്തയ്ക്കുണ്ട്. 14 കളികളിൽ 5 ജയം കൊൽക്കത്തയ്ക്കും 4 എണ്ണം ബ്ലാസ്റ്റേഴ്‌സിനുമാണ്. അഞ്ച് മത്സരം സമനിലയില്‍ അവസാനിച്ചു. ഗോളെണ്ണത്തിൽ ബ്ലാസ്റ്റേഴ്സാണ് മുന്നിൽ. 16 ഗോൾ നേടിയപ്പോൾ വഴങ്ങിയത് 15.