ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം തോൽവി നേരിടുകയായിരുന്നു
പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) പ്രതിരോധ നിരയുടെ പിഴവാണ് ജംഷെഡ്‌പൂര്‍ എഫ്‌സിക്കെതിരായ (Jamshedpur FC) തോൽവിക്ക് കാരണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) കോച്ച് ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic). അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് (KBFC) ശക്തമായി തിരിച്ചുവരുമെന്നും കോച്ച് പറഞ്ഞു.
ജംഷെഡ്‌പൂര്‍ എഫ്‌സിക്കെതിരെ ആദ്യപകുതിയുടെ അവസാനവും രണ്ടാംപകുതിയുടെ തുടക്കത്തിലും വഴങ്ങിയ പെനാൽറ്റിയാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. കളിയുടെ എല്ലാ മേഖലയിലും പിന്നിലായതിനൊപ്പം പെനാൽറ്റി വഴങ്ങിയത് ഇരട്ടപ്രഹരമായി. 'ടീമിൽ വരുത്തിയ മാറ്റങ്ങളിൽ പരാതിയില്ല. മൂന്ന് ഗോൾ വഴങ്ങിയപ്പോൾ പ്രതീക്ഷ അവസാനിച്ചു'വെന്നും വുകോമനോവിച്ച് പറഞ്ഞു.
ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം തോൽവി നേരിട്ടു. ജംഷെഡ്‌പൂർ എതിരില്ലാത്ത മൂന്ന് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോൽപിക്കുകയായിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ അഞ്ചാംസ്ഥാനത്തേക്ക് വീണു. ജംഷെഡ്‌പൂർ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. പന്തടക്കത്തിലും പാസിംഗിലും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഹോർജെ ഡിയാസ് സസ്പെൻഷനിലായതോടെ അൽവാരോ വാസ്ക്വേസിൻറെ താളംതെറ്റി. മധ്യനിരയും പാളിയതോടെ ബ്ലാസ്റ്റേഴ്സിൻറെ പിടിവിട്ടു. തിങ്കളാഴ്ച ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിൻറെ അടുത്ത മത്സരം.
ISL 2021-22: മൂന്നടിയില്‍ ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ജംഷഡ്‌പൂര്‍
