Asianet News MalayalamAsianet News Malayalam

ഐഎസ്എല്‍: കൊച്ചിയെ മഞ്ഞക്കടലാക്കി 'ലൂണ ഗോള്‍'; ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സ് മുന്നില്‍

ലൂണ ഗോളടിച്ചതിന് സഹല്‍ അബ്ദുള്‍ സമദിന് പകരം രാഹുല്‍ കെ പിയെ കോച്ച് ഇവാന്‍ വുകാമനോവിച്ച് ഗ്രൗണ്ടിലിറക്കി.  നേരത്തെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും   നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും  ഗോളാക്കി മാറ്റാനായില്ല.

ISL 2022-2023:Kerala Blasters takes lead against East Bengal in 2nd half
Author
First Published Oct 7, 2022, 9:12 PM IST

കൊച്ചി: ഐഎസ്ല്‍ ഒമ്പതാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലുള്ള പോരാട്ടത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ് മുന്നില്‍. മത്സരത്തിന്‍റെ 72-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്.  ഹര്‍മന്‍ജോത് ഖബ്രയുടെ ഓവര്‍ഹെഡ് പാസില്‍ നിന്നാണ് ലൂണ ലക്ഷ്യം കണ്ടത്.

ലൂണ ഗോളടിച്ചതിന് സഹല്‍ അബ്ദുള്‍ സമദിന് പകരം രാഹുല്‍ കെ പിയെ കോച്ച് ഇവാന്‍ വുകാമനോവിച്ച് ഗ്രൗണ്ടിലിറക്കി.  നേരത്തെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും   നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും  ഗോളാക്കി മാറ്റാനായില്ല.സീസണിലെ ആദ്യ പോരില്‍ കോച്ച് ഇവാന്‍ വുകാമനോവിച്ച് 4-4-2 ശൈലിയിലാണ് ടീമിനെ കളത്തിലിറക്കിയത്. ഈസ്റ്റ് ബംഗാള്‍ ആകട്ടെ 3-4-1-2 ശൈലിയിലും. കളിയുടെ ആദ്യ മിനിറ്റില്‍ ഈസ്റ്റ് ബംഗാളാണ് ഗോളിലേക്ക് ലക്ഷ്യംവെച്ചത്. ഒന്നാം മിനിറ്റില്‍ സുമീത് പാസി തൊടുത്ത ലോംഗ് റേഞ്ചര്‍ പക്ഷെ പ്രഭ്സുഖന്‍ ഗില്ലിന് അനായാസം കൈയിലൊതുക്കാനായി. അഞ്ചാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് ആദ്യ അവസരം കൈവന്നത്. കോര്‍ണര്‍ കിക്കില്‍ അഡ്രിയാന്‍ ലൂണ എടുത്ത കിക്കില്‍ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ ഫാര്‍ പോസ്റ്റില്‍ നിന്ന ലെസ്കോവിച്ച് തൊടുത്ത ഹെഡ്ഡര്‍ പക്ഷെ പുറത്തേക്ക് പോയി.

ഏഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിനെയും ഗ്യാലറിയിലെ മഞ്ഞപ്പടയെയും ഈസ്റ്റ് ബംഗാള്‍ വിറപ്പിച്ചു. അലക്സ് ലിമയുടെ ലോങ് റേഞ്ചര്‍ പ്രഭ്‌സുഖന്‍ ഗില്‍ കഷ്ടപ്പെട്ട് തട്ടിയകറ്റിയില്ലായിരുന്നെങ്കില്‍ തുടക്കത്തിലെ ബ്ലാസ്റ്റേഴ്സ് പിന്നിലാവുമായിരുന്നു. പിന്നീട് ദിമിട്രിയോസ് ഡയമന്റകോസും അപ്പോസ്‌തോലോസ് ജിയാനോയും ഏതാനും ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിയില്ല. തുടക്കത്തില്‍ പ്രതിരോധത്തിലൂന്നിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.

26ാം മിനിറ്റില്‍ ഇവാന്‍ ഗോണ്‍സാലോസ് ദിമിട്രിയോസ് ഡയമന്‍റ്കോസിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ കൈയാങ്കളിയിലെത്തി. ആദ്യ പകുതി തീരാന്‍ നാല് മിനിറ്റ് മാത്രം ബാക്കിയിരിക്കെ ബോക്സിന് തൊട്ടുപുറത്തു നിന്ന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് എടുക്കാന്‍ അഡ്രിയാന്‍ ലൂണ എത്തിയപ്പോള്‍ ആരാധകര്‍ ഒരുപാട് പ്രതീക്ഷിച്ചു. ലൂണ എടുത്ത കിക്ക് ലക്ഷ്യത്തിലേക്ക് ആയിരുന്നെങ്കിലും ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ കരണ്‍ജീത് കഷ്ടപ്പെട്ട് തട്ടിയകറ്റിയതോടെ ആദ്യ പകുതിയിലെ സമനില കുരുക്ക് അഴിക്കാനാവാതെ ഇരു ടീമും ഗ്രൗണ്ട് വിട്ടു.

ആദ്യ പകുതിയില്‍ ഈസ്റ്റ് ബംഗാളിനും ബ്ലാസ്റ്റേഴ്സിനും ഓരോ വണ മാത്രമാണ് ഗോളിലേക്ക് ലക്ഷ്യം വെക്കാനായത്. ആദ്യ പകുതിയില്‍ 57 ശതമാനം പന്തടക്കവുമാി ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു.

Follow Us:
Download App:
  • android
  • ios