Asianet News MalayalamAsianet News Malayalam

ഗോള്‍വല നിറച്ച് എടികെ മോഹന്‍ ബഗാന്‍, കേരളാ ബ്ലാസ്റ്റേഴ്സിന് വമ്പന്‍ തോല്‍വി

എടികെക്കായി ഓസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോള്‍ ജോണി കൗക്കോയും ലെനി റോഡ്രിഗസും ഗോള്‍ പട്ടിക തികച്ചു. ഇവാന്‍ കല്യൂഷ്നിയും കെ പി രാഹുലുമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ സ്കോറര്‍മാര്‍. എടികെക്കെതിരെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ജയമില്ലാതെ മടങ്ങുന്നത്.

ISL 2022-23:ATK Mohun Bagan beat Kerla Blasters 5-2
Author
First Published Oct 16, 2022, 9:37 PM IST

കൊച്ചി: ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനെന്ന കടമ്പ കടക്കാന്‍ കൊച്ചിയിലെ പതിനായിരങ്ങള്‍ക്ക് മുമ്പിലും  കേരളാ ബ്ലാസ്റ്റേഴ്സിനായില്ല. മത്സരത്തില്‍ തുടക്കത്തിലെ മുന്നിലെത്തിയിട്ടും അഞ്ച് ഗോള്‍ തിരിച്ചുവാങ്ങി ഒരെണ്ണം കൂടി തിരിച്ചടിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് എടികെക്കെതിരെ 2-5ന്‍റെ തോല്‍വി വഴങ്ങി. സീസണിലെ രണ്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ തോല്‍വിയാണിത്. സീസണില്‍ എടികെയുടെ ആദ്യ ജയവുമാണിത്. ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുള്‍ക്ക് എടികെ മുന്നിലായിരുന്നു.  എടികെക്കായി ഓസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോള്‍ ജോണി കൗക്കോയും ലെനി റോഡ്രിഗസും ഗോള്‍ പട്ടിക തികച്ചു. ഇവാന്‍ കല്യൂഷ്നിയും കെ പി രാഹുലുമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ സ്കോറര്‍മാര്‍. എടികെക്കെതിരെ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ജയമില്ലാതെ മടങ്ങുന്നത്.

കല്യൂഷ്നി ഗോളില്‍ ആദ്യം വെടിപൊട്ടിച്ചത് ബ്ലാസ്റ്റേഴ്സ്

തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ആറാം മിനറ്റില്‍ ഇവാന്‍ കല്യൂഷ്നിയുടെ ഗോളിലൂടെ മുന്നിലെത്തി. പിന്നീട്  26ാം മിനിറ്റില്‍ പെട്രാറ്റോസിന്‍റെ ഗോളിലൂടെ സമനില പിടിച്ച എടികെ 38ാം മിനിറ്റില്‍ ജോണി കൗക്കോയുടെയും ഗോളിലൂടെ ലീഡെടുത്തു. രണ്ടാം പകുതിയില്‍ 62-ാം മിനിറ്റില്‍ കൗക്കോ വീണ്ടും സ്കോര്‍ ചെയ്തതോടെ ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ മങ്ങി.

ആദ്യ ടച്ച് മുതല്‍ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തേണ്ടതായിരുന്നു. കല്യൂഷ്നിയുടെ പാസില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം ഗോളാക്കി മാറ്റാന്‍ സഹല്‍ അബ്ദുള്‍ സമദിന് കഴിഞ്ഞില്ല. തുടര്‍ന്നും ബ്ലാസ്റ്റേഴ്സ് തന്നെ ആക്രമണം അഴിച്ചുവിട്ടു. തുടക്കത്തിലെ കല്യൂഷ്നി വീണ്ടും എടികെ ഗോള്‍മുഖത്ത് ഭീതിവിതച്ചു. ഒടുവില്‍ കാത്തിരുന്ന നിമിഷം ആറാം മിനിറ്റില്‍ എത്തി. ബോക്സിനുള്ളില്‍ വലതു പാര്‍ശ്വത്തില്‍ നിന്ന് സഹല്‍ അബ്ദുള്‍ സമദിന്‍റെ പാസില്‍ മനോഹരമായ ഫിനിഷിംഗിലൂടെ കല്യൂഷ്നി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പൊട്ടിത്തെറിച്ച നിമിഷമായിരുന്നു അത്.

എടികെയുടെ പാട്രിയേറ്റ് മിസൈലായി ദിമിത്രി പെട്രാറ്റോസ്

ആദ്യ ഗോളിന്‍റെ ആവേശത്തില്‍ ഇരച്ചു കയറിയ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് കൗണ്ടര്‍ അറ്റാക്കിലൂടെ ഹ്യഗോ ബോമസിന്‍റെ പാസില്‍ നിന്ന് ദിമിത്രി പെട്രാറ്റോസ് ബ്ലാസ്റ്റേഴ്സ് വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. പിന്നീട് ഇരു ടീമുകളും ആക്രമണ-പ്രത്യാക്രമണവുമായി കളം നിറഞ്ഞു. ലോംഗ് പാസുകളിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് ഭീതിവിതക്കാനാണ് ഹ്യൂഗോ ബോമസും പെട്രാറ്റോസും ശ്രമിച്ചത്. ഒടുവില്‍ 26-ാം മിനിറ്റില്‍ എടികെയുടെ ശ്രമം ഫലം കണ്ടു. ബോമസിന്‍റെ പാസില്‍ നിന്ന് പെട്രാറ്റോസിന്‍റെ സമനില ഗോള്‍. 31-ാം മിനിറ്റില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ എടികെ ഗോള്‍മുഖത്ത് അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണറില്‍ ജീക്സണ്‍ സിംഗ് തൊടുത്ത ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടി പുറത്തുപോയി. പിന്നീട് എടികെ കളം നിറയുന്ന കാഴ്ചയാണ് കണ്ടത്. 38ാം മിനിറ്റില്‍ മന്‍വീര്‍ സിംഗിന്‍റെ പാസില്‍ നിന്ന് ജോണി കൗക്കോ എടികെക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിക്ക് മുമ്പ് സമലി ഗോളിനായി ബ്ലാസ്റ്റേഴ്സ് കിണഞ്ഞു ശ്രമിച്ചെങ്കിലും എടികെ പ്രതിരോധം വഴങ്ങിയില്ല.

രണ്ടാം പകുതിയിലും ഗോള്‍ മഴ

55ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളോസോിലൂടെ എടികെ ലീഡുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രഭ്സുഖന്‍ ഗില്ലിന്‍റെ മിന്നും സേവ് ബ്ലാസ്റ്റേഴ്സിന്‍റെ രക്ഷക്കെത്തി. തൊട്ടുപിന്നാലെ ജെസലിന്‍റെ ക്രോസില്‍ ഹാമില്‍ സ്വന്തം പോസ്റ്റില്‍ പന്തെത്തിച്ച് ബ്ലാസ്റ്റേഴ്സിന് സമനില സമ്മാനിക്കേണ്ടതായിരുന്നു. എന്നാല്‍ ബാറില്‍ തട്ടിത്തെറിച്ച പന്ത് എടികെ പ്രതിരോധം ക്ലിയര്‍ ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് ലിസ്റ്റണ്‍ കൊളോസോയുടെ പാസില്‍ 62-ാം മിനിറ്റില്‍ പെട്രാറ്റോസ് എടികെയുടെ ലീഡുയര്‍ത്തിയത്. 1-3ന് പിന്നിലായിപ്പോയതിന് പിന്നാലെ കല്യൂഷ്നിയെ പിന്‍വലിച്ച് കോച്ച് ഇവാന്‍ വുകമനോവിച്ച് മലയാളി താരം കെ പി രാഹുലിനെ കളത്തിലിറക്കി.

ഒടുവില്‍ 81-ാം മിനിറ്റില്‍ എടികെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന്‍റെ പിഴലില്‍ രാഹുലിന്‍റെ മിന്നും ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ തിരിച്ചടിച്ച് കളി ആവേശകരമാക്കി. പിന്നീട് സമനില ഗോളിനായി ഇരച്ചു കയറിയതോടെ കൗണ്ടര്‍ അറ്റാക്കിലൂടെ എടികെ തറപറ്റിച്ചു. 86-ാം മിനിറ്റില്‍ ലെനി റോഡ്രിഗസ് നാലാം ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിന്‍റെ തിരിച്ചുവരവ് സാധ്യതകള്‍ അടച്ചപ്പോള്‍ ഇഞ്ചുറി ടൈമില്‍ ദിമിത്രി പെട്രാറ്റോസ് മറ്റൊരു കൗണ്ടര്‍ അറ്റാക്കിലുടെ ഗോള്‍ നേടി ഹാട്രിക് തികച്ചു. ബ്സാസ്റ്റേഴ്സ് പ്ലേ മേക്കല്‍ അഡ്രിയാന്‍ ലൂണയെ തളച്ചിട്ട എടികെയുടെ തന്ത്രമാണ് കൊച്ചിയില്‍ വിജയിച്ചത്.

Follow Us:
Download App:
  • android
  • ios