ആദ്യപകുതിയില്‍ ബെംഗളൂരു എഫ്സിയാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നതെങ്കില്‍ രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഊർജം വീണ്ടെടുത്തു

ബെംഗളൂരു: ഐഎസ്എല്‍ നോക്കൗട്ടില്‍ ബെംഗളൂരു എഫ്‍സി-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം എക്സ്‍ട്രാടൈമിലേക്ക്. 90 മിനുറ്റുകളിലും 4 മിനുറ്റ് ഇഞ്ചുറിടൈമിലും വല കുലുക്കാന്‍ ഇരു ടീമിനുമായില്ല. പകരക്കാരനായി മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എത്തിയതോടെ ബ്ലാസ്റ്റേഴ്സ് ഉണർന്ന് കളിക്കുകയാണ്. 

ആദ്യപകുതിയില്‍ ബെംഗളൂരു എഫ്സിയാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നതെങ്കില്‍ രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഊർജം വീണ്ടെടുത്തു. എന്നാല്‍ ഒരിക്കല്‍പ്പോലും പന്ത് വലയിലെത്തിക്കാനായില്ല. ബോക്സിലേക്കുള്ള ക്രോസുകളും ഫിനിഷിംഗുമെല്ലാം പിഴച്ചു. 71-ാം മിനുറ്റില്‍ ഡാനിഷ് ഫാറൂഖിന് പകരം സഹല്‍ അബ്‍ദുള്‍ സമദ് കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് വേഗം കൂടി. 76-ാം മിനുറ്റില്‍ ക്യാപ്റ്റന്‍ ജെസ്സല്‍ കാർണെയ്റോ പരിക്കേറ്റ് പുറത്തുപോയതോടെ ആയുഷ് അധികാരി കളത്തിലെത്തി. പിന്നാലെ ലഭിച്ച കോർണർ കിക്കുകള്‍ മുതലാക്കാന്‍ മഞ്ഞപ്പടയ്ക്ക് സാധിക്കാതെ പോയി. 83-ാം മിനുറ്റില്‍ ആയുഷിന്‍റെ ക്രോസ് മുതലാക്കാനായില്ല. 87-ാം മിനുറ്റില്‍ പന്ത് വളച്ച് വലയിലാക്കാനുള്ള സഹലിന്‍റെ ശ്രമം ഫലിക്കാഞ്ഞതും തിരിച്ചടിയായി. 

ലൈനപ്പ്

ഡയമന്‍റക്കോസിനെയും ബെംഗളൂരുവില്‍ നിന്ന് അടുത്തിടെ സ്വന്തമാക്കിയ ഡാനിഷ് ഫാറൂഖിനേയും ആക്രമണത്തിന് നിയോഗിച്ച് 4-4-2 ശൈലിയിലാണ് ഇവാന്‍ വുകോമനോവിച്ച് തന്‍റെ ടീമിനെ അണിനിരത്തിയത്. ഗോള്‍ബാറിന് കീഴെ പ്രഭ്‍സുഖന്‍ ഗില്‍ വല കാക്കുമ്പോള്‍ നിഷു കുമാർ, വിക്ടർ മോംഗില്‍, മാർക്കോ ലെസ്കോവിച്ച്, ക്യാപ്റ്റന്‍ ജെസ്സല്‍ കാർണെയ്റോ, ജീക്സണ്‍ സിംഗ്, ഡാനിഷ് ഫാറൂഖ്, വിബിന്‍ മോഹനന്‍, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ, ഡിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്. സഹല്‍ അബ്ദുള്‍ സമദ്, അപ്പോസ്തലോസ് ജിയാന്നു, ഹോർമിപാം, കരണ്‍ജിത് സിംഗ്, ആയുഷ് അധികാരി, ബ്രൈസ് മിറാണ്ട, ഹർമന്‍ജ്യോത് സിംഗ് ഖബ്ര, സൗരവ് മണ്ടല്‍, ബിദ്യസാഗർ സിംഗ് എന്നിവരാണ് പകരക്കാരുടെ നിരയില്‍.

അതേസമയം 3-5-2 ശൈലിയിലായിരുന്നു ബെംഗളൂരു എ‍ഫ്‍സി കളത്തിലെത്തിയത്. ഇന്ന് ജയിക്കുന്നവർ സെമി ഫൈനലില്‍ മുംബൈ സിറ്റി എഫ്‍സിയെയാണ് നേരിടേണ്ടത്.

ആവേശപ്പകുതി; ഗോള്‍രഹിതമായി ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും