എക്സ്‍ട്രാടൈമില്‍ 96-ാം മിനുറ്റില്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ അനുവദിച്ചതില്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്‍റെ നീരസം ലൈന്‍ റഫറിയോട് അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല

ബെംഗളൂരൂ: ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരായ മത്സരത്തില്‍ ബെംഗളൂരു എഫ്സി ഇതിഹാസം സുനില്‍ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളിനെ ചൊല്ലി വിവാദം അടങ്ങുന്നില്ല. വിവാദ ഗോളില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും പരിശീലകനും കളംവിട്ടത് കരിയറില്‍ മുമ്പെങ്ങും ഞാന്‍ കണ്ടിട്ടില്ലാത്ത കാര്യമാണ് എന്നാണ് ബിഎഫ്‍സി പരിശീലകന്‍ സൈമണ്‍ ഗ്രേയ്‍സണിന്‍റെ പ്രതികരണം. മത്സരത്തില്‍ വിജയം അർഹിച്ചിരുന്നത് ബിഎഫ്സി തന്നെയാണ് എന്നും അദേഹം വ്യക്തമാക്കി. 

'ഇങ്ങനെയായിരുന്നില്ല ഞങ്ങള്‍ സെമി ഫൈനലില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ചിരുന്നത്. മൈതാനത്ത് എന്താണ് സംഭവിച്ചത് എന്ന് നമ്മളെല്ലാം കണ്ടതാണ്. ഞങ്ങള്‍ക്ക് ഫ്രീകിക്ക് ലഭിച്ചു. സുനില്‍ ഛേത്രി പറഞ്ഞു ഞങ്ങള്‍ക്ക് പ്രതിരോധക്കോട്ട ആവശ്യമില്ല. 10 വാരയുടെ നിയന്ത്രണവും ആവശ്യമില്ല. റഫറി അതിന് സമ്മതം മൂളി. അദേഹത്തിന് യാതൊരു പ്രശ്നവും ഇല്ലായിരുന്നു. അഡ്രിയാന്‍ ലൂണ തടയാന്‍ വരുന്നതിനായി ഛേത്രി കാത്തുനിന്നു. അതിന് ശേഷം പന്ത് വലയിലാക്കി. ഞങ്ങള്‍ തന്നെയാണ് വിജയം അർഹിച്ചിരുന്നത്. ആദ്യപകുതിയില്‍ ഉത്സാഹത്തോടെ കളിച്ചു. നിരവധി അവസരങ്ങളൊരുക്കി. ബ്ലാസ്റ്റേഴ്സിനെ കുറഞ്ഞ അവസരങ്ങളില്‍ ഒതുക്കി. ബ്ലാസ്റ്റേഴ്സിന്‍റെ മികച്ച താരങ്ങളെ പിടിച്ചുകെട്ടി. മത്സരമാകെ നോക്കിയാല്‍ വിജയം ബിഎഫ്സി തന്നെയാണ് അർഹിച്ചിരുന്നത്. വിജയത്തിന്‍റെ അവകാശികള്‍ താരങ്ങളാണ്. തുടർച്ചയായ ഒന്‍പതാം ജയം നേടിയതില്‍ സന്തോഷമുണ്ട്. മുംബൈ സിറ്റിക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് ഇനി ശ്രദ്ധ' എന്നും ബെംഗളൂരു എഫ്സി പരിശീലകന്‍ മത്സര ശേഷം വ്യക്തമാക്കി. ഹീറോ ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സിയുടെ ഏറ്റവും വലിയ വിജയത്തുടർച്ചയാണ് ഇത്. തന്‍റെ 40 വർഷം നീണ്ട കരിയറില്‍ ഇതുവരെ ഇത്തരം സംഭവങ്ങള്‍ കണ്ടിട്ടില്ല എന്ന് ബ്ലാസ്റ്റേഴ്സിന്‍റെ ബഹിഷ്കരണം ചൂണ്ടിക്കാട്ടി സൈമണ്‍ ഗ്രേസണ്‍ കൂട്ടിച്ചേർത്തു. 

Scroll to load tweet…

എക്സ്‍ട്രാടൈമില്‍ 96-ാം മിനുറ്റില്‍ സുനില്‍ ഛേത്രിക്ക് ഗോള്‍ അനുവദിച്ചതില്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് തന്‍റെ നീരസം ലൈന്‍ റഫറിയോട് അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇവാനും ലൈന്‍ റഫറിമാരും തമ്മില്‍ രൂക്ഷമായ തർക്കം നടന്നു. മൈതാനത്ത് ബ്ലാസ്റ്റേഴ്സ് താരങ്ങളും റഫറിയും ഏറെ നേരം തർക്കിച്ചു. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് താരങ്ങളോട് മൈതാനം വിടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു വുകോമനോവിച്ച്. ഇതോടെ മാച്ച് കമ്മീഷണർ സ്ഥിതിഗതികള്‍ വിലയിരുത്തി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തായി. 

Scroll to load tweet…

ഛേത്രി ചെയ്തത് ഇതിഹാസത്തിന് ചേർന്നതോ? കാണാം ബ്ലാസ്റ്റേഴ്സിന്‍റെ ചങ്ക് തകർത്ത വിവാദ ഗോള്‍, ആരാധകർ കലിപ്പില്‍