കഴിഞ്ഞ സീസണിൽ മോശം റഫറിയിംഗ് മൂലം ഈസ്റ്റ് ബംഗാളിനെതിരെ ജയം നിഷേധിക്കപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു
ബെംഗളൂരു: ഐഎസ്എല്ലിലെ മോശം റഫറിയിംഗിന് ഈ സീസണിലും മാറ്റമില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് അര്‍ഹതപ്പെട്ട ഗോൾ റഫറി നിഷേധിച്ചതാണ് ബെംഗളൂരുവിനെതിരായ അവരുടെ തോൽവിയിലേക്ക് നയിച്ചത്. ഇതിനെതിരെ ആരാധകര്‍ക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ സീസണിൽ മോശം റഫറിയിംഗ് മൂലം ഈസ്റ്റ് ബംഗാളിനെതിരെ ജയം നിഷേധിക്കപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു. പുതിയ സീസണിലെത്തുമ്പോഴും റഫയറിംഗ് പഴയ പടി തന്നെ. ഇത്തവണത്തെ ആദ്യത്തെ ഇര നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡായി. ബെംഗളൂരുവിനെതിരെ ഇഞ്ച്വറിടൈമിൽ ജോണ്‍ ഗാസ്റ്റ നേടിയ ഗോൾ നിഷേധിക്കപ്പെട്ടു. ഗാസ്റ്റയുടെ ഷോട്ട് ഓഫ് സൈഡ് പൊസിഷനിലായിരുന്ന റൊമോയ്ൻ ഫിലിപ്പോസിന്‍റെ കാലിൽ തട്ടിയെന്നായിരുന്നു റഫറി വിധിച്ചത്. നിര്‍ണായക ഗോൾ നിഷേധിക്കപ്പെട്ടതോടെ നോര്‍ത്ത് ഈസ്റ്റ് ഒറ്റഗോളിന് തോറ്റു.
മാറ്റത്തിന്‍റെ പാതയിലുള്ള ഐഎസ്എല്ലിനും ഇന്ത്യൻ ഫുട്ബോളിനും നാണക്കേടാണ് തുടര്‍ക്കഥയാവുന്ന മോശം റഫറിയിംഗ്. ഒന്പതാം സീസണിലെത്തിയിട്ടും വാര്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ കൊണ്ടുവരാത്തതിൽ ആരാധകര്‍ കടുത്ത രോഷത്തിലാണ്. റഫറിയിംഗ് നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കിൽ മികച്ച വിദേശതാരങ്ങളും പരിശീലകരും ഇവിടെ വരില്ലെന്നും അവര്‍ പറയുന്നു.
അതേസമയം ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സി വിജയത്തുടക്കം നേടി. ബിഎഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്‌റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒറ്റ ഗോളിനാണ് ബെംഗളൂരു തോൽപ്പിച്ചത്. 87-ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് വിജയ ഗോൾ നേടിയത്. ഇഞ്ച്വറിടൈമിൽ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോൾ മടക്കിയെങ്കിലും ഓഫ് സൈഡ് വിളിച്ചത് വഴിത്തിരിവായി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് കളിയിലെ താരം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലറില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ മറികടന്ന് ബംഗളൂരു എഫ്‌സി
