ടാര്‍ഗറ്റിലേക്ക് ചെന്നൈയിന്‍ ആറും എടികെ അഞ്ചും ഷോട്ടുകള്‍ പായിച്ചെങ്കിലും ഗോള്‍ പിറന്നില്ല 

ചെന്നൈ: ഐഎസ്എല്ലില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനുള്ള എടികെ മോഹന്‍ ബഗാന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ചെന്നൈയിന്‍ എഫ്‌സിക്കെതിരായ മത്സരം ഗോളില്ലാ സമനിലയില്‍ അവസാനിച്ചു. 90 മിനുറ്റുകളിലും നാല് മിനുറ്റ് ഇഞ്ചുറിസമയത്തും ഇരു ടീമുകളും ഗോള്‍ നേടാതെ വന്നതോടെയാണിത്. 56 ശതമാനവുമായി പന്തടക്കത്തില്‍ എടികെയായിരുന്നു മുന്നില്‍. അതേസമയം ടാര്‍ഗറ്റിലേക്ക് ചെന്നൈയിന്‍ ആറും എടികെ അഞ്ചും ഷോട്ടുകള്‍ പായിച്ചു. 

ഐഎസ്എല്ലിൽ മഞ്ഞപ്പട ആരാധകര്‍ കാത്തിരിക്കുന്ന ദിനമാണ് നാളെ. കേരള ബ്ലാസ്റ്റേഴ്‌സ് നാളെ എഫ്‌സി ഗോവയെ നേരിടും. ഗോവയിൽ വൈകിട്ട് എഴരയ്ക്കാണ് കളി തുടങ്ങുക. 13 കളിയിൽ 25 പോയിൻറുള്ള ബ്ലാസ്റ്റേഴ്‌സ് ലീഗിൽ മൂന്നാം സ്ഥാനത്താണ്. 14 കളിയിൽ 20 പോയിൻറുള്ള ഗോവ ആറാം സ്ഥാനത്തും. 15 മത്സരങ്ങളില്‍ 39 പോയിന്‍റുള്ള മുംബൈ സിറ്റി എഫ്‌സി തുടര്‍ ജയങ്ങളുമായി കുതിപ്പ് തുടരുകയാണ്. ഇത്രതന്നെ കളിയില്‍ 35 പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സിയാണ് രണ്ടാമത്. നാളെ ഗോവയ്ക്കെതിരെ വിജയിച്ചാലും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത് തുടരും. അവസാന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത നാല് ഗോളിന് മഞ്ഞപ്പട പരാജയപ്പെട്ടിരുന്നു. മുംബൈ ഫുട്ബോള്‍ അരീനയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ തോല്‍വി. 

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ റിസർവ് ടീം അംഗങ്ങളായ മുഹമ്മദ് ഐമനും മുഹമ്മദ് അസ്ഹറും ഇനി സീനിയർ ടീമിൽ കളിക്കും. ഇരുവരുടെയും പിറന്നാൾ ദിനമായ ഇന്നലെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രഖ്യാപനം. ഇരട്ട സഹോദരങ്ങളായ ഇരുവരും കെപിഎല്ലിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നത് തുടരുമെന്നും ക്ലബ്ബ് അറിയിച്ചു. ബ്ലാസ്റ്റേഴ്സിനായി ഡ്യൂറന്‍റ് കപ്പിലും നെക്സ്റ്റ് ജനറേഷൻ കപ്പിലും ഇരുവരും മികച്ച പ്രകടനം നടത്തിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളാണ് ഐമനും അസ്ഹറും.

സമനിലപ്പൂട്ട് പൊളിഞ്ഞില്ല; ഗോളടിക്കാതെ പിരിഞ്ഞ് ലിവര്‍പൂളും ചെല്‍സിയും