ആദ്യപകുതിയില്‍ 12 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ഇരട്ട ഗോളുമായി ഗോവ മത്സരത്തില്‍ മേധാവിത്വം പിടിച്ചെടുത്തു

ഫറ്റോർഡ: ഐഎസ്എല്ലില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജംഷഡ്‍പൂർ എഫ്‍സിക്കെതിരെ ഗംഭീര ജയവുമായി വിജയവഴിയിലേക്ക് എഫ്‍സി ഗോവയുടെ തിരിച്ചുവരവ്. ഫറ്റോർഡ സ്റ്റേഡിയത്തിലെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗോവയുടെ ആധികാരിക വിജയം. സീസണിലെ മൂന്നാം ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഗോവ രണ്ടാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിന് ഗോവ തോറ്റിരുന്നു. 

ഗോവ 4-2-3-1 ശൈലിയിലും ജംഷഡ്പൂർ 4-4-2 ശൈലിയിലുമാണ് കളത്തിലെത്തിയത്. ആദ്യപകുതിയില്‍ 12 മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ ഇരട്ട ഗോളുമായി ഗോവ മത്സരത്തില്‍ മേധാവിത്വം പിടിച്ചെടുത്തു. രണ്ടാം മിനുറ്റില്‍ സ്ടൈക്കർ ഐക്കർ ഗോയ്റൊച്ചേന സുന്ദരന്‍ ഫിനിഷിംഗിലൂടെ ആദ്യ ഗോള്‍ നേടി. 12-ാം മിനുറ്റില്‍ നോഹ് സദോയിയും ഗോവയ്ക്കായി വലചലിപ്പിച്ചു. പിന്നീട് ഇരു ടീമും, പ്രത്യേകിച്ച് ഗോവ ശ്രമങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ മാറിനിന്നു. എന്നാല്‍ ഏഴ് മിനുറ്റ് അധികസമയം അനുവദിച്ചതോടെ ഗോവയുടെ മൂന്നാം ഗോളെത്തി. 93-ാം മിനുറ്റില്‍ ബ്രൈസന്‍ ഫെർണാണ്ടസാണ് പട്ടിക തികച്ചത്.

ജയത്തോടെ നാല് മത്സരങ്ങളില്‍ 9 പോയിന്‍റുമായി ഗോവ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. നാല് പോയിന്‍റ് മാത്രമുള്ള ജംഷഡ്‍പൂർ എട്ടാം സ്ഥാനക്കാരാണ്. നാല് കളിയില്‍ മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്‍റോടെ ഹൈദരാബാദ് എഫ്സി തലപ്പത്ത് തുടരുകയാണ്. ഒരു ജയം മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് 10-ാം സ്ഥാനത്താണ്.

നാളെ നടക്കുന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ ചെന്നൈയിന്‍ എഫ്സി നേരിടും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ശനിയാഴ്ച കേരള ബ്ലാസ്റ്റേഴ്സസിന് മത്സരമുണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. നോർത്ത് ഈസ്റ്റിന്‍റെ തട്ടകത്തില്‍ ഗുവാഹത്തിയിലാണ് മത്സരം. 

106 മീറ്റർ കടന്ന് പാക് താരത്തിന്‍റെ പടുകൂറ്റന്‍ സിക്സ്; ഈ കാഴ്ച മിസ്സാക്കരുത്- വീഡിയോ