സീസണിലെ ഹൈദരാബാദിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിരിക്കുന്നത്

ഹൈദരാബാദ്: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ കുതിപ്പിന് അവരുടെ തട്ടകത്തിലെ ആദ്യപകുതിയില്‍ തടയിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. തുടക്കം മുതല്‍ ആക്രമണവും പ്രത്യാക്രമണവും കണ്ട മത്സരം 45 മിനുറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ 1-0ന് മുന്നില്‍ നില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്. 18-ാം മിനുറ്റില്‍ ദിമിത്രിയോസാണ് കേരള ടീമിനെ മുന്നിലെത്തിച്ചത്. 37-ാം മിനുറ്റില്‍ സഹലിന്‍റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പാളിയില്ലായിരുന്നെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളിന്‍റെ ലീഡ് ഉറപ്പിച്ചേനേ. 

സീസണിലെ ഹൈദരാബാദിന്‍റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കുന്നതിനൊപ്പം കഴിഞ്ഞ സീസണിലെ ഫൈനൽ തോൽവിക്ക് പകരംവീട്ടാൻ കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിരിക്കുന്നത്. ആറ് കളിയില്‍ അഞ്ച് ജയവും ഒരു സമനിലയുമുള്ള ഹൈദരാബാദ് എഫ്‌സി 16 പോയിന്‍റുമായി നിലവിലെ ഒന്നാംസ്ഥാനക്കാരാണ്. 9 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴാമതും. ഇന്ന് ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് മൂന്നാംസ്ഥാനത്തേക്ക് ഉയരാം. മലയാളി താരങ്ങളായ സഹല്‍ അബ്‌ദുള്‍ സമദിനും രാഹുല്‍ കെ പിക്കും ആദ്യ ഇലവനില്‍ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് അവസരം നല്‍കി.

ആവേശകരമായ ആദ്യപകുതിയാണ് ഹൈദരാബാദിന്‍റെ തട്ടകത്തില്‍ പൂര്‍ത്തിയായത്. ദിമിത്രിയോസിന്‍റെ സൂപ്പര്‍ ഫിനിഷിംഗിന് പിന്നാലെ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ഹൈദരാബാദില്‍ കണ്ടു. ഹൈദരാബാദും ആക്രമണത്തില്‍ ഒട്ടും മോശമായിരുന്നില്ല. എന്നാല്‍ ഓഗ്‌ബെച്ചെയുണ്ടായിട്ടും ഹൈദരാബാദിന്‍റെ ശ്രമങ്ങള്‍ ഗോളിന് വഴിമാറിയില്ല. തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയിരിക്കുന്നത്. 

കേരള ബ്ലാസ്റ്റേഴ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവന്‍: പ്രഭ്‌സുഖന്‍ സിംഗ് ഗില്‍(ഗോളി), നിഷു കുമാര്‍, മാര്‍ക്കോ ലെസ്‌കോവിച്ച്, ഹോര്‍മിപാം, സന്ദീപ് സിംഗ്, ഇവാന്‍ കല്യൂഷ്‌നി, ജീക്‌സണ്‍ സിംഗ്, സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍ കെ പി, ദിമിത്രിയോസ്, അഡ്രിയാന്‍ ലൂണ. 

സപ്പോര്‍ട്ട് സ്റ്റാഫിന് നേരേ കല്ലേറുണ്ടായി, ആരാധകരെ അധിക്ഷേപിച്ചു; ബ്ലാസ്റ്റേഴ്സിനെതിരെ പരാതിയുമായി എഫ്‍സി ഗോവ